യുദ്ധത്തില്‍ അമേരിക്ക ഇടപെട്ടാല്‍ കനത്ത തിരിച്ചടി: മുന്നറിയിപ്പുമായി ഹൂതികള്‍

റിയാദ്: കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഞായറാഴ്ചയും മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനല്‍ 4-ല്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തീപിടിത്തമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. സംഭവസ്ഥലത്ത് അധികൃതര്‍ തുടര്‍നീക്കങ്ങള്‍ നടത്തിവരികയാണെന്ന് സഖ്യസേന അറിയിച്ചു. വിമാനത്താവളത്തിന് സമീപം വെച്ച് വ്യോമ പ്രതിരോധ സേന ഒരു ക്രൂയിസ് മിസൈല്‍ തടഞ്ഞുനശിപ്പിച്ചതായും സഖ്യസേന വ്യക്തമാക്കി.
ശനിയാഴ്ച മിസൈല്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണം. ആക്രമണത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെയും ആളപായങ്ങളുടെയും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിന് സാരമായ നാശം സംഭവിച്ചതിനാല്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ യാത്രക്കാര്‍ ആരും വിമാനത്താവളത്തിലുണ്ടായിരുന്നില്ല.