റിയാദില്‍ ഹൂതി ആക്രമണത്തിന് ഇരയായത് ഉംറ തീര്‍ത്ഥാടകര്‍; ഉംറക്ക് പുറപ്പെട്ട യുഎഇ അധ്യാപികക്കും പരിക്ക്

ദുബൈ: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിന് ഇരയായവരില്‍ അധികവും ഉംറ തീര്‍ത്ഥാടകര്‍. ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്ത യുഎഇയില്‍ ജോലി ചെയ്യുന്ന അധ്യാപികക്കും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു. ഒക്ടോബര്‍ 10ന് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 300ലേറെ പേരില്‍ അധ്യാപികയും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപികയെ സൗദി ആരോഗ്യമന്ത്രി ഫഹദ് അബ്ദുറഹ്മാന് അല്‍ജലാജില്‍ സന്ദര്‍ശിച്ച് ആരോഗ്യനില അന്വേഷിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ആക്രമണത്തില്‍ നാലു സൗദി പൗരന്മാരുള്പ്പെടെ 13 പേര് കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള രണ്ടുപേരും അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഫലസ്തീന്, സുഡാന്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 309 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരെ ചികിത്സയ്ക്കുശേഷം ആശുപത്രികളില്‍നിന്ന് വിട്ടയച്ചു.
അബുദാബിയില്‍നിന്നുള്ള കണക്ഷന് വിമാനത്തില്‍ റിയാദിലെത്തിയ താനും മറ്റൊരു യുഎഇ അധ്യാപികയും മക്കയിലേക്ക് യാത്ര തുടരാനിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് പരിക്കേറ്റ അധ്യാപിക സൗദി ആരോഗ്യമന്ത്രിയോട് പറഞ്ഞു. ഉംറ നിര്‍വഹിക്കുകയായിരുന്നു ഇരുവരുടെയും യാത്രാലക്ഷ്യം. ചികിത്സ നല്കുന്ന ഡോക്ടര്‍മാരുടെ സേവനത്തെയും അധ്യാപിക പ്രശംസിച്ചു.
ആക്രമണത്തില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഉംറ യാത്രയെ ബാധിക്കില്ലെന്ന് മന്ത്രി അധ്യാപികമാരെ അറിയിച്ചു. സൗദി രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പരിക്കേറ്റവരുടെ ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ ഉംറയ്ക്കായി വന്നവരാണ്. നിങ്ങള്‍ ഉംറ നിര്‍വഹിക്കും,’ എന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.
സൗദി മാധ്യമ മന്ത്രാലയം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ വിമാനത്താവളത്തില്‍ ആക്രമണം നടന്ന നിമിഷങ്ങള്‍ കാണാം. ഉംറയ്ക്കായി ഇഹ്റാം വസ്ത്രം ധരിച്ച നിരവധി പേരും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ഉംറ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടെന്ന വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; മലമ്പ്രദേശങ്ങളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്