ഇത്തിഹാദ് റെയില് സ്റ്റേഷനില്നിന്ന് ദുബൈ മെട്രോയിലേക്ക് നേരിട്ട് നടപ്പാലം; നാളെ തുറക്കും

ദോഹ: ഊര്ജ കേന്ദ്രങ്ങള്ക്ക് നേരെയുണ്ടായ നാശനഷ്ടം ഖത്തറിന്റെ എല്എന്ജി കയറ്റുമതിയെ ബാധിച്ചുവെങ്കിലും അസാധാരണ സംഭവങ്ങളെ അതിജീവിക്കാന് രാജ്യം ശേഷി കൈവരിച്ചതായി അമീര് ശൈഖ് തമീം ബിന് ഹമദ് അല്ഥാനി. കഴിഞ്ഞ മാസങ്ങളില് ഖത്തറും മേഖലയും നേരിട്ട അസാധാരണ സംഭവങ്ങള്ക്കിടയിലും രാജ്യത്തിന്റെ സ്ഥാപനങ്ങള് പ്രകടിപ്പിച്ച കരുത്തിനെയും സമൂഹത്തിന്റെ ഐക്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഖത്തര് ശൂറാ കൗണ്സിലിന്റെ പുതിയ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും നേരിടാനുള്ള രാജ്യത്തിന്റെ ശേഷി സമീപകാല സംഭവങ്ങള് വീണ്ടും തെളിയിച്ചതായി അമീര് പറഞ്ഞു. പ്രതിസന്ധിയുടെ ആഘാതം അതിജീവിക്കുന്നതിനു പുറമെ സാഹചര്യങ്ങള് ധീരതയോടെയും മികവോടെയും കൈകാര്യം ചെയ്ത രാജ്യത്തെ വിവിധ സ്ഥാപനങ്ങള്, സായുധസേന, സുരക്ഷാ വിഭാഗങ്ങള് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഇറാന് ഖത്തറിന്റെ ഭൂപ്രദേശത്തിന് നേരെ ആക്രമണം നടത്തിയെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അയല്രാജ്യങ്ങളുമായുള്ള സൗഹൃദത്തിന്റെ തത്ത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും അമീര് പറഞ്ഞു. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി സായുധസേനയും സുരക്ഷാ വിഭാഗങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതായും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിക്കാലത്ത് ഖത്തര് മൂന്ന് പ്രധാന ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുത്തതെന്ന് അമീര് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, ആഗോള ഊര്ജസാമ്പത്തിക സുരക്ഷയില് ഖത്തറിന്റെ പങ്ക് ഉറപ്പാക്കുക, നയതന്ത്ര ചര്ച്ചകള്ക്കുള്ള വാതിലുകള് തുറന്നിടുക എന്നിവയാണവ. ഈ ലക്ഷ്യങ്ങള് കൈവരിക്കാന് നാല് പ്രധാന തന്ത്രങ്ങളാണ് ഖത്തര് പിന്തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാതെ ശക്തമായി മാതൃരാജ്യത്തെ പ്രതിരോധിക്കുക. പൊതുസേവനങ്ങള്, വിതരണ ശൃംഖലകള്, സാമ്പത്തിക പ്രവര്ത്തനങ്ങള് എന്നിവ തടസ്സമില്ലാതെ നിലനിര്ത്തുക. വെടിനിര്ത്തല് സാധ്യമാക്കുന്നതിനും ജലപാതകള് തുറക്കുന്നതിനുമുള്ള ശ്രമങ്ങളില് പങ്കാളികളാകുക. സംഘര്ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി ചര്ച്ചകള് പുനരാരംഭിക്കാനുള്ള അവസരങ്ങള് തേടുക. ഇക്കാര്യങ്ങള് ക്രിയാത്മകമായി നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.