ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് യുഎഇയില്‍ ഔദ്യോഗിക സ്വീകരണം

കെയ്റോ: സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൈന്യത്തെ അയയ്ക്കാന്‍ ഈജിപ്ത്. പ്രതിരോധ ദൗത്യങ്ങള്‍ക്കായി സൈന്യത്തെ അയയ്ക്കാന്‍ ഈജിപ്തിലെ നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കിയെന്ന് ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അംഗം മുസ്തഫ ബക്രിയാണ് അറിയിച്ചത്. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനം. തുടര്‍നടപടികള്‍ക്കായി പാര്‍ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
സൗദി അറേബ്യക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഡിഫന്‍സ് കൗണ്‍സില്‍, സൗദിയുടെ സുരക്ഷ ഈജിപ്തിന്റെയും അറബ് ലോകത്തിന്റെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കി. സൗദിയുടെ സ്ഥിരത, പ്രദേശിക അഖണ്ഡത, പുണ്യസ്ഥലങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കൗണ്‍സില്‍ പ്രഖ്യാപിച്ചു. അതോടൊപ്പം, മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കുമായി നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
‘സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെടുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ ഈജിപ്ത് സജ്ജമാണ്,’ എന്ന് ഈജിപ്ഷ്യന്‍ മിലിറ്ററി അക്കാദമിയിലെ ചടങ്ങില്‍ സംസാരിക്കവെ പ്രസിഡന്റ് അല്‍ സിസി വ്യക്തമാക്കി. ഈ നടപടികള്‍ തികച്ചും പ്രതിരോധ സ്വഭാവമുള്ളതായിരിക്കുമെന്നും സല്മാന് രാജാവിന്റെയും കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും അഭ്യര്‍ത്ഥനപ്രകാരം മാത്രമായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.