ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് യുഎഇയില്‍ ഔദ്യോഗിക സ്വീകരണം

അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. തിങ്കളാഴ്ച അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സ്വീകരണം. മാക്രോണ്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഔദ്യോഗിക സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചു. യുഎഇയുടെയും ഫ്രഞ്ച് റിപ്പബ്ലിക്കിന്റെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് സൈനിക ഗാര്‍ഡ് അണിനിരന്ന് ഫ്രഞ്ച് പ്രസിഡന്റിന് ആദരമര്‍പ്പിച്ചു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ പ്രത്യേകകാര്യ വിഭാഗം ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.



