യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

കണ്ണൂര്‍: ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാകണമെന്നില്ലെന്ന കുറിപ്പുമായി സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. പാര്‍ട്ടിയുമായുള്ള അകല്‍ച്ച വ്യക്തമാക്കുന്നതാണ് ഫെയ്സ്ബുക്കിലെ കുറിപ്പ്. ബുദ്ധന്റെ കഥ പറഞ്ഞുകൊണ്ടാണ് ദിവ്യയുടെ വിശദീകരണം. ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല. ഒരു കരയില്‍നിന്ന് മറുകരയില്‍ എത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്നു നടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണ്. നീതി വൈകും. പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല.
ഒരിക്കല്‍ നമ്മെ ചേര്‍ത്തുപിടിച്ച ചില ബന്ധങ്ങള്‍ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങള്‍ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കല്‍ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം. ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണമെന്നും കുറിപ്പില്‍ പറയുന്നു.
കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂര്‍ത്തിയായ സി.പി.എം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണന ലഭിച്ചില്ല. നേരത്തെ തന്നെ പാര്‍ട്ടിയുമായ ദിവ്യ അകലം പാലിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.