യുഎഇയില്‍ കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ സ്ഥിരതയിലേക്ക്; വന്‍ വര്‍ധന ഉണ്ടാവില്ലെന്ന് വിദഗ്ധര്‍

ദുബൈ: യുഎഇയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കായി നിര്‍ണായക ലഗേജ് നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. യാത്രക്കാര്‍ തങ്ങളുടെ ബാഗേജുകളില്‍ ഒഴിവാക്കേണ്ടതും കര്‍ശന നിയന്ത്രണങ്ങളുള്ളതുമായ 20 പ്രധാന വസ്തുക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളുടെ ലഗേജ് നിയമങ്ങളും ദുബൈ കസ്റ്റംസിന്റെ ഇറക്കുമതി ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.
വിമാനത്തില്‍ കയറ്റാന്‍ അനുവാദമുള്ള ചില വസ്തുക്കള്‍ ലക്ഷ്യസ്ഥാനത്തെ രാജ്യത്ത് കസ്റ്റംസ് നിയമപ്രകാരം നിരോധിച്ചിട്ടുണ്ടാകാം. പ്രത്യേകിച്ചും ഭക്ഷണസാധനങ്ങള്‍, ഔഷധങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവ.
ലഗേജ് നിയന്ത്രണങ്ങളും ഒഴിവാക്കേണ്ട വസ്തുക്കളും
പാകം ചെയ്തതും വീട്ടില്‍ തയ്യാറാക്കിയതുമായ ഭക്ഷണങ്ങള്‍: ദുബൈ കസ്റ്റംസിന്റെ നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ പാകം ചെയ്തതും വീട്ടില്‍ ഉണ്ടാക്കിയതുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു. വീട്ടില്‍ നിന്ന് കൊണ്ടുപോകുന്ന പാഴ്സലുകള്‍ക്ക് അനുമതി ലഭിക്കണമെന്നില്ല.
കഞ്ചാവ് വിത്തുകള്‍: നാര്‍ക്കോട്ടിക് ഡ്രഗ്സിന്റെ വിഭാഗത്തില്‍ പെടുന്ന പോപ്പി സീഡുകള്‍ ഉള്‍പ്പെടെ ദുബൈ കസ്റ്റംസ് നിരോധിച്ചിട്ടുണ്ട്.
രൂക്ഷ ഗന്ധമുള്ള പഴങ്ങള്‍: ഡുറിയാന്‍, ചാംപെഡെക്, ചക്കപ്പഴം തുടങ്ങിയ രൂക്ഷ ഗന്ധമുള്ള പഴങ്ങള്‍ കൊണ്ടുപോകുന്നതിന് ഇത്തിഹാദ് എയര്‍വേയ്സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ശീതികരണം ആവശ്യമുള്ള ഭക്ഷണങ്ങള്‍: എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം പെട്ടെന്ന് കേടാകുന്ന തരം ഭക്ഷണങ്ങള്‍, ഫ്രോസന്‍ ഫുഡുകള്‍, ശീതികരണം ആവശ്യമുള്ള ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ പാനീയങ്ങള്‍ എന്നിവയ്ക്ക് വിലക്കുണ്ട്.
പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍: ജിസിസി രാജ്യങ്ങളിലേക്കും ഭൂരിഭാഗം മുസ്ലീം രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍, ജെലാറ്റിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മസാലപ്പൊടികള്‍, തേങ്ങ, നെയ്യ്, അച്ചാറുകള്‍: ഇന്ത്യയില്‍ നിന്നുള്ള പലവ്യഞ്ജനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ഉണങ്ങിയ തേങ്ങയ്ക്ക് നിയന്ത്രണമുണ്ട്. മസാലപ്പൊടികള്‍ ക്യാബിന് ബാഗേജില്‍ അനുവദനീയമല്ലെങ്കിലും ചെക്ക്-ഇന്‍ ബാഗേജില്‍ അനുവദിക്കും. നെയ്യും പാചക എണ്ണയും അനുവദനീയമായ അളവില്‍ (ചെക്ക്-ഇന്‍ ബാഗേജില്‍ പരമാവധി 5 കിലോ/ലിറ്റര്‍ വരെ) കൊണ്ടുപോകാം.
പാന്‍, വെറ്റില: ദുബൈ കസ്റ്റംസ് നിയമപ്രകാരം വെറ്റില അല്ലെങ്കില്‍ പാന്‍ കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു.
സൂപ്പുകള്‍, ജാമുകള്‍, സോസുകള്‍: ലിക്വിഡ് വിഭാഗത്തില്‍ പെടുന്ന ഇവ ക്യാബിന് ബാഗേജില്‍ കൊണ്ടുപോകുമ്പോള്‍ 100 മില്ലി ലിറ്റര്‍ പരിധിയും സുതാര്യമായ പ്ലാസ്റ്റിക് പായ്ക്കറ്റ് നിയമങ്ങളും ബാധകമാണ്.
ശിശുക്കളുടെ ഭക്ഷണവും പ്രത്യേക ഡയറ്റ് ഉല്‍പ്പന്നങ്ങളും: ശിശുക്കളുടെ പാല്, പ്രത്യേക ഔഷധങ്ങള്‍ എന്നിവയ്ക്ക് ഇളവുകള്‍ ഉണ്ടെങ്കിലും അവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
സംസം വെള്ളം: ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി ജിദ്ദ, മദീന സര്‍വീസുകളില്‍ പ്രത്യേക സീല്‍ ചെയ്ത പാക്കറ്റുകളില്‍ 5 ലിറ്റര്‍ വരെ സംസം വെള്ളം അനുവദനീയമാണ്. സാധാരണ കുപ്പികളില്‍ ഇവ സ്വീകരിക്കില്ല.
പടക്കങ്ങളും സ്ഫോടകവസ്തുക്കളും: പടക്കങ്ങള്‍, വെടിമരുന്ന്, മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
പെപ്പര്‍ സ്പ്രേ, ടേസറുകള്‍: ഇവ വിമാനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല.
ഹോവര്‍ബോര്‍ഡുകള്‍: സെല്‍ഫ് ബാലന്‍സിങ് ഉപകരണങ്ങള്‍, ബാറ്ററി ഊരി മാറ്റിയാലും വിമാനത്തില്‍ അനുവദിക്കില്ല.
മോട്ടറൈസ്ഡ് ലഗേജ്: ഇലക്ട്രിക് റൈഡബിള്‍ ലഗേജുകള്‍ക്കും സ്മാര്‍ട്ട് ബാഗുകള്‍ക്കും പ്രത്യേക നിയന്ത്രണങ്ങളുണ്ട്.
പവര്‍ ബാങ്കുകള്‍: സാധാരണയായി ക്യാബിന് ബാഗേജില്‍ മാത്രമാണ് ഇവ അനുവദിക്കുന്നത്.
അധിക ബാറ്ററികള്‍: ബാറ്ററി ടെര്‍മിനലുകള്‍ സുരക്ഷിതമായി മൂടി വിമാനക്കമ്പനിയുടെ ചട്ടങ്ങള്‍ പാലിക്കണം.
വലിയ ലിഥിയം ബാറ്ററികള്‍: പരിധിയില്‍ കവിഞ്ഞ ബാറ്ററികള്‍ക്ക് വിമാനക്കമ്പനിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
ഇ-സിഗരറ്റുകള്‍: ചെക്ക്-ഇന്‍ ബാഗേജില്‍ പാടില്ല, ക്യാബിന് ബാഗേജില്‍ മാത്രമെ അനുവദിക്കൂ.
കത്തികളും മൂര്‍ച്ചയേറിയ ആയുധങ്ങളും: ക്യാബിന് ബാഗേജില്‍ ഇവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
അപകടകരമായ വസ്തുക്കള്‍: കത്താന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍, വിഷവസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നിവ കൊണ്ടുപോകാന്‍ പാടില്ല.
വിമാനക്കമ്പനി ലഗേജില്‍ ഒരു വസ്തു അംഗീകരിച്ചതുകൊണ്ട് മാത്രം ലക്ഷ്യസ്ഥാനത്തെ കസ്റ്റംസ് വിഭാഗം അതിന് അനുമതി നല്കണമെന്നില്ല. അതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റും ദുബൈ കസ്റ്റംസ് നിയമങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വിമാനത്താവളങ്ങളിലെ അനാവശ്യ തടസ്സങ്ങളും ലഗേജുകള്‍ പിടിച്ചെടുക്കപ്പെടലുകളും ഒഴിവാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.