സമാധാന ചര്‍ച്ചയ്ക്കിടയിലും ആക്രമണം; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് സൗദി അറേബ്യ

ദുബൈ: കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന യുഎഇയിലെ കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ സ്ഥിരതയിലേക്ക് നീങ്ങുന്നതായി ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധര്‍. വാര്‍ഷികമായി 10 മുതല്‍ 15 ശതമാനം വരെ രേഖപ്പെടുത്തിയിരുന്ന വര്‍ധന ഇനി ആവര്‍ത്തിക്കാനിടയില്ലെന്നും വിപണി ഉയര്‍ന്ന നിരക്കുകളുടെ പാരമ്യത്തിലെത്തിയതായും വിലയിരുത്തുന്നു. ദുബൈയില്‍ ആരംഭിച്ച 21ാമത് വാര്‍ഷിക ഗള്‍ഫ് ഇന്‍ഷുറന്‍സ് ഫോറത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മേഖലയിലെ പ്രമുഖര്‍. വരും മാസങ്ങളില്‍ നിരക്കുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലുള്ള വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
സാധാരണ കാറുകള്‍ക്ക് 2.53 ശതമാനം
വാഹനത്തിന്റെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കുന്നത്. പരമ്പരാഗത കാറുകള്‍ക്ക് വാഹനമൂല്യത്തിന്റെ 2.5 മുതല്‍ 3 ശതമാനം വരെയാണ് നിലവിലെ ഇന്‍ഷുറന്‍സ് നിരക്ക്. ചൈനീസ് നിര്‍മിത കാറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇത് 3.5 മുതല്‍ 3.75 ശതമാനം വരെയാണ്. ഒരു ലക്ഷം ദിര്‍ഹം വിലയുള്ള സാധാരണ കാറിന് 2,500 മുതല്‍ 3,000 ദിര്‍ഹം വരെയും അതേ വിലയുള്ള ചൈനീസ് അല്ലെങ്കില്‍ ഇലക്ട്രിക് കാറിന് 3,500 മുതല്‍ 3,750 ദിര്‍ഹം വരെയും പ്രീമിയം വരാം. ഇത് അടിസ്ഥാന നിരക്കുകള്‍ കണക്കാക്കിയുള്ള ഉദാഹരണമാണ്; യഥാര്‍ഥ പ്രീമിയം പോളിസിയുടെ നിബന്ധനകളും മറ്റ് ഘടകങ്ങളും അനുസരിച്ച് മാറാം.
പുതിയ മോഡലുകള്‍ നിരക്കുയരാന്‍ കാരണമായി
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യുഎഇയിലെ കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകളില്‍ പ്രതിവര്‍ഷം 10-15 ശതമാനം വര്‍ധനയുണ്ടായി. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മതിയായ അപകടവിവരങ്ങളും പ്രവര്‍ത്തനരേഖകളും ലഭ്യമല്ലാത്ത പുതിയ വാഹന മോഡലുകളുടെ വിപണിപ്രവേശനവും നിരക്കുകളെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വിപണിവിഹിതം അഞ്ചു വര്‍ഷം മുമ്പ് ഏകദേശം രണ്ട് ശതമാനമായിരുന്നത് ഇപ്പോള്‍ 20 ശതമാനത്തോളമായി ഉയര്‍ന്നിട്ടുണ്ട്.
ദുബൈയില്‍ ഗള്‍ഫ് ഇന്‍ഷുറന്‍സ് ഫോറം
25 രാജ്യങ്ങളില്‍നിന്നുള്ള 200 സിഇഒമാരും ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ് വിദഗ്ധരും പങ്കെടുക്കുന്ന ദ്വിദിന ഫോറത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ അപകടസാധ്യതകള്‍, ഇന്‍ഷുറന്‍സ് മേഖലയിലെ സാങ്കേതിക മാറ്റങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ദുരന്തബോണ്ടുകള് ഉള്‍പ്പെടെയുള്ള ബദല്‍ മൂലധന സ്രോതസ്സുകളും ഇന്‍ഷുറന്‍സ് മേഖലയിലെ റിസ്ക് വിലയിരുത്തലും ചര്‍ച്ചാവിഷയങ്ങളാണ്.