യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

തിരുവനന്തപുരം: ലോക കേരള സഭയ്ക്ക് പകരം സംവിധാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ലോക കേരള സഭ അതിന്റെ ലക്ഷ്യം കാണുന്നില്ലെന്നും അതു കൊണ്ടാണ് പിരിച്ചു വിട്ടതെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചു. പകരം ഫലപ്രദമായ സംവിധാനം നിലവില്‍ വരും. അതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്കായി തീര്‍ച്ചയായും വ്യത്യസ്തമായ ഒരു സംവിധാനം കേരളത്തില്‍ ഉണ്ടാകും. അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും അവരുടെ നിക്ഷേപം കൂടുതലുണ്ടാകാനും റെമിറ്റന്‍സ് ഇക്കണോമി എന്നത് ഇന്‍വസ്റ്റ്മെന്റ് ഇക്കണോമി ആക്കി മാറ്റാനും അവര്‍ തിരിച്ചു വന്നാല്‍ നിക്ഷേപിക്കുന്ന പണം ഇരട്ടിപ്പിച്ച് അവരുടെ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കാനുമുള്ള സംവിധാനം തീര്‍ച്ചയായും സര്‍ക്കാര്‍ ഉണ്ടാക്കും.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴി നല്കുന്ന ആനുകൂല്യങ്ങള്‍ 2026-27 വര്‍ഷത്തില്‍ മാത്രം 163 കോടിയല്‍പ്പരം രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ പെന്ഷന് ആയി 102 കോടി രൂപയും വിതരണം ചെയ്തു. ഇന്‍ഷ്വറന്‍സ് പദ്ധതി തയ്യാറാക്കിയതില്‍ പാളിച്ച പറ്റിയിട്ടുണ്ട്. ആകെ അഞ്ച് ലക്ഷം രൂപയുടെ കവറേജാണ് നല്‍കുന്നത്. ആ പോളിസി നിലവില്‍ രോഗമുള്ള ആളുകളെയും പരിഗണിച്ചിരുന്നു. അപ്പോള്‍ വലിയ തുക ക്ലെയിമില്‍ കൊടുക്കേണ്ടി വന്നു. നോര്‍ക്ക കെയറില്‍ 145 കോടി രൂപയാണ്. എന്നാല്‍ കൊടുക്കേണ്ടി വന്നത് 210 കോടി രൂപ. സമാഹരിച്ച തുകയുടെ നൂറ്റമ്പത് ശതമാനം അധികമായി കമ്പനിക്ക് ക്ലെയിം നല്‍കേണ്ടി വന്നു. ഇക്കാരണത്താല്‍ ഇത്തവണ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് ക്വട്ടേഷന്‍ നല്കാന് കമ്പനികള്‍ തയ്യാറല്ല.
വിമാനക്കമ്പനികളെ നിയന്ത്രിക്കണം, കൊള്ള അവസാനിപ്പിക്കണം എന്ന് നിരന്തരമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും സാധാരണക്കാരായ ആളുകള്‍ പ്രവാസികളായുണ്ട്. അവര്‍ക്ക് ഒരു വര്‍ഷവും രണ്ട് വര്‍ഷവും കൂടുമ്പോഴെങ്കിലും നാട്ടില്‍ വന്നു പോകാനുള്ള സ്ഥിതിയുണ്ടാകണം. ബന്ധുക്കളെ കാണാതെ വിദേശത്ത് പോയി ഉണ്ടാക്കിയ മുഴുവനും ഈ ഒറ്റ യാത്രയില്‍ തീരുകയാണ്. അത്രയും വലിയ കൊള്ളയാണ്. കേരളത്തിലെ പ്രവാസികളെ വിമാനക്കമ്പനികള്‍ കൊല്ലാക്കൊല ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.