യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ മുന്നേറുന്നു

ദുബൈ: ദുബൈയില്‍ വാടകക്കരാറുമായി ബന്ധപ്പെട്ട ഇജാരി (Ejari) നടപടികള്‍ കൂടുതല്‍ ലളിതമാക്കി ദുബൈ സര്‍ക്കാര്‍. വാടകക്കാര്‍ക്കും വീട്ടുടമകള്‍ക്കും ഇനി ഇജാരി കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും റദ്ദാക്കാനും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ദുബൈ നൗ (DubaiNow) ആപ്പിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. നവംബര്‍ 2 തിങ്കളാഴ്ച ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റാണ് പരിഷ്കരിച്ച ഇജാരി സേവനം പ്രഖ്യാപിച്ചത്. വാടകക്കരാര്‍ രജിസ്ട്രേഷന് മുതല്‍ അനുബന്ധ നടപടികള്‍ വരെ ഒരേ സര്‍ക്കാര്‍ ആപ്പിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
പുതിയ സംവിധാനത്തില്‍ വാടകക്കരാര്‍ തയ്യാറാക്കി ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാം. കരാര്‍ അംഗീകരിക്കുന്നതോടെ ഇജാരി സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭിക്കും. യുഎഇ പാസ് ഉപയോഗിച്ച് കരാര്‍ പുതുക്കാനും റദ്ദാക്കാനും സൗകര്യമുണ്ട്. ഇതിനായി വിവിധ പ്ലാറ്റ്ഫോമുകള് മാറിമാറി ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാകും. നടപടികളുടെ സുരക്ഷയും സുതാര്യതയും വര്‍ധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും.
ദേവ സെക്യൂരിറ്റി ഡെപ്പോസിറ്റും ആപ്പിലൂടെ
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും ഇനി ദുബൈ നൗ ആപ്പിലൂടെ നേരിട്ട് അടയ്ക്കാം. പുതിയ വീട്ടിലേക്ക് താമസം മാറുന്നവര്‍ക്ക് വൈദ്യുതി, ജല കണക്ഷനുകള്‍ സജീവമാക്കുന്നതിനുള്ള നടപടികളും ഇതേ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കാം. ഇജാരി രജിസ്ട്രേഷനും വൈദ്യുതി, ജല സേവനങ്ങള്‍ക്കുള്ള നടപടികളും ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതോടെ പുതിയ താമസസ്ഥലത്തേക്ക് മാറുന്നവരുടെ സമയവും അധ്വാനവും ലാഭിക്കാനാകും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്, ദേവ, ഡിജിറ്റല്‍ ദുബൈ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുതിയ സേവനം നടപ്പാക്കുന്നത്.