ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ദുബൈ: യു.എ.ഇയില്‍ ഡെലിവറി സേവനങ്ങള്‍ നല്കുന്ന ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ ചുമലില്‍ ബാഗുകളിലാക്കി കൊണ്ടുപോകുന്നത് നിരോധിച്ചു. 2027 ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന പുതിയ ഫെഡറല്‍ ഗതാഗത നിയമങ്ങളിലാണ് ഈ നിര്‍ദ്ദേശം. ഡെലിവറി ഡ്രൈവര്‍മാര്‍ക്കും പ്രൊഫഷണല്‍ ഡ്രൈവിംഗ് ലൈസന്സുള്ളവര്ക്കുമായി എട്ട് നിബന്ധനകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി അതോറിറ്റി അംഗീകരിച്ച പ്രത്യേക ബോക്സുകളോ സംവിധാനങ്ങളോ മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ.
ഡെലിവറി ഡ്രൈവര്‍മാര്‍ പാലിക്കേണ്ട 8 പ്രധാന നിയമങ്ങള്‍
ബാക്ക്പാക്കുകള്ക്ക് വിലക്ക്: സാധനങ്ങള്‍ ബാഗിലാക്കി ചുമലില്‍ ചുമന്നുകൊണ്ട് വാഹനം ഓടിക്കാന്‍ പാടില്ല. ഭാരം കയറ്റുന്നതിന് നിശ്ചയിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
യാത്രക്കാരെ കയറ്റരുത്: ഡെലിവറി ആവശ്യങ്ങള്‍ക്കായി ലൈസന്‍സ് എടുത്തിട്ടുള്ള ബൈക്കുകളില്‍ ഡെലിവറി സമയത്ത് പുറകില്‍ മറ്റു യാത്രക്കാരെ കയറ്റാന്‍ പാടില്ല.
അംഗീകൃത വാഹന സിസ്റ്റം: ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അതോറിറ്റി അംഗീകരിച്ച ലോഗിന്‍ സിസ്റ്റം ഉപയോഗിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.
യൂണിഫോം നിര്‍ബന്ധം: നിശ്ചയിച്ചിട്ടുള്ള യൂണിഫോം ധരിക്കുകയും ശുചിത്വം പുലര്‍ത്തുകയും വേണം.
പ്രൊഫഷണല്‍ പെര്‍മിറ്റ് കയ്യില്‍ കരുതണം: പ്രൊഫഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് എപ്പോഴും കയ്യില്‍ കരുതുകയും അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണം.
നിരോധിത വസ്തുക്കള്‍ അരുത്: നിയമവിരുദ്ധമായോ പൊതു ക്രമസമാധാനത്തിന് വിരുദ്ധമായോ ഉള്ള യാതൊരുവിധ സാധനങ്ങളും കൊണ്ടുപോകാനോ വിതരണം ചെയ്യാനോ പാടില്ല.
പെര്‍മിറ്റ് നിര്‍ബന്ധം: കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ പെര്‍മിറ്റ് ഉപയോഗിച്ച് ജോലി ചെയ്യാന്‍ പാടില്ല.
അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍: ലൈസന്‍സിംഗ് അതോറിറ്റിയോ ട്രാഫിക് പോലീസോ നല്കുന്ന അധിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.