താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയര്‍വേസ് വിമാനം; അടിയന്തര സന്ദേശം; ലണ്ടനില്‍ തിരിച്ചിറക്കി

ലണ്ടന്‍: ലണ്ടനില്‍ നിന്ന് ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം അയര്‍ലന്‍ഡിന് മുകളില്‍ വച്ച് അടിയന്തര മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് വിമാനം യാത്ര റദ്ദാക്കി തിരികെ ലണ്ടനിലേക്ക് തന്നെ തിരിച്ചുവിട്ടു.
ബ്രിട്ടീഷ് എയര്‍വേസിന്റെ ബിഎ295 വിമാനമാണ് അയര്‍ലന്‍ഡ് വ്യോമാതിര്‍ത്തിയില്‍ വച്ച് ‘7700’ എന്ന അടിയന്തര സാങ്കേതിക കോഡ് സന്ദേശമായി അയച്ചത്. ഫ്ളൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ അനുസരിച്ച് വിമാനം അയര്‍ലന്‍ഡിന് മുകളില്‍ വച്ച് പെട്ടെന്ന് 9,000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ലണ്ടനിലേക്ക് തിരിച്ചിറക്കാന്‍ വിമാനത്തിന് നിര്‍ദ്ദേശം നല്കി.
ലണ്ടന്‍ സമയം രാവിലെയോടെ 11:50-ന് ഹീത്രൂ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5-ല്‍ നിന്നാണ് വിമാനം ഷിക്കാഗോ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍, 37,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഐറിഷ് വ്യോമാതിര്‍ത്തിക്ക് മുകളില്‍ വച്ച് വിമാനം വേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു
യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനം ബ്രിട്ടനിലേക്ക് തിരികെ പറക്കുന്നതിനിടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, വിമാനം അടിയന്തരമായി ഇറക്കാന്‍ സാധ്യതയുള്ള വിമാനത്താവളങ്ങളില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്നതിലേക്കും വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതിലേക്കും നയിച്ച പ്രശ്നത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
യുഎഇ വിമാനത്താവളങ്ങളില്‍ നിന്ന് രണ്ട് മാസത്തിനിടെ 300 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു