ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നറിയിച്ച് വ്യാജ ഫോണ്‍ കോള്‍ വഴി തട്ടിയത് 11.9 മില്യണ്‍ ദിര്‍ഹം; രണ്ടുപേര്‍ പിടിയില്‍

ദുബൈ: വ്യാജ ഫോണ്‍ കോളിലൂടെ 11.9 മില്യണ്‍ ദിര്‍ഹം തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് പ്രതികളെ പിടികൂടിയത്.
യുഎഇക്ക് പുറത്തുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ ഫോണില്‍ ബന്ധപ്പെട്ടത്. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തിയാണ് പണം തട്ടല്‍. പണത്തിന്റെ ഉറവിടം പരിശോധിക്കാനാണെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ തുക തിരികെ നല്‍കാമെന്നും വിശ്വസിപ്പിച്ച് ഇവര്‍ നല്കിയ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. ബാങ്കിലുള്ള തുക തികയില്ലെന്ന് പറഞ്ഞ് ചില ഇരകളെക്കൊണ്ട് സ്വര്‍ണാഭരണങ്ങള്‍ വില്പിച്ച് ആ തുകയും കൈക്കലാക്കി.
ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നത് തടയാന്‍ ഇരകളോട് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്ത് താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. മാനസികമായി നിയന്ത്രണം നേടാനും തട്ടിപ്പ് നീട്ടി കൊണ്ടുപോകാനുമാണ് ഈ തന്ത്രം ഉപയോഗിച്ചത്. പരാതികള്‍ വര്‍ധിച്ചതോടെ ആന്റി-ഫ്രോഡ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പണത്തിന്റെ കൈമാറ്റവും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരകളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ടുപേരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ വിദേശത്തുള്ള സംഘമാണ് സോഷ്യല്‍ മീഡിയ വഴി തങ്ങളെ റിക്രൂട്ട് ചെയ്തതെന്ന് പ്രതികള്‍ സമ്മതിച്ചു. ഒരു പ്രത്യേക ആപ്പ് വഴിയാണ് ഇരകളുടെ വിവരങ്ങളും സംസാരിക്കേണ്ട സ്ക്രിപ്റ്റും നിര്‍ദ്ദേശങ്ങളും ലഭിച്ചിരുന്നതെന്നും ഓരോ തട്ടിപ്പിനും കമ്മീഷന് ലഭിച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും തെളിവുകളും പോലീസ് കണ്ടെടുത്തു.