…എന്ന് നിങ്ങളുടെ സഹോദരന് മുഹമ്മദ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഇ-മെയില്‍ സന്ദേശമയച്ച് ദുബൈ ഭരണാധികാരി

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ സന്ദേശം അയച്ച് ശ്രദ്ധേയനായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളിലേക്കാണ് ശൈഖ് മുഹമ്മദ് സന്ദേശം അയച്ചത്. കത്തിന്റെ അവസാനം അദ്ദേഹം ഒപ്പുവച്ചത് ‘നിങ്ങളുടെ സഹോദരന് മുഹമ്മദ്’ എന്നായിരുന്നു. പദവിയിലിരിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട നേതൃത്വത്തിന്റെയും തീരുമാനമെടുക്കലിന്റെയും പ്രധാന പാഠങ്ങളാണ് സന്ദേശത്തില്‍ അദ്ദേഹം പങ്കുവച്ചത്.
‘ഭാവിയിലെ നേതാവിന് മറ്റാരേക്കാളും കൂടുതല്‍ മണിക്കൂറുകള്‍ ലഭിക്കില്ല. എന്നാല്‍ ആശയത്തില്‍ നിന്ന് നടപ്പാക്കലിലേക്കുള്ള സമയം കുറക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടാകും. അതിനുള്ള ഏറ്റവും ശക്തമായ സമയം ചുരുക്കുന്ന യന്ത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,’ ശൈഖ് മുഹമ്മദ് പറഞ്ഞു.
തീരുമാനമെടുക്കുന്നതിലെ കാലതാമസത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്കി. ‘പൂര്‍ണമായ ഉറപ്പുണ്ടാകുന്നതിന് മുമ്പ് പ്രവര്‍ത്തിക്കുന്നവരെയാണ് ചരിത്രം ഓര്‍ക്കുക. അടുത്ത മാസം എടുക്കുന്ന മികച്ച തീരുമാനത്തേക്കാള്‍ ഇന്ന് എടുക്കുന്ന നല്ല തീരുമാനം മെച്ചപ്പെട്ടതാണ്. മുന്‍കാലങ്ങളില്‍ തീരുമാനമെടുക്കുന്നതിലെ പിഴവായിരുന്നു ഒരു സ്ഥാപനത്തിലെ ഏറ്റവും വലിയ അപകടം. ഇന്ന് തീരുമാനം വൈകുന്നതാണ് ഏറ്റവും വലിയ അപകടം,’ അദ്ദേഹം വ്യക്തമാക്കി.
ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി
ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകമായ ‘The Letters’ യുഎഇയിലെ പുസ്തകശാലകളില്‍ വെള്ളിയാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കത്തും എത്തിയത്. പുസ്തകത്തിന്റെ അറബി പതിപ്പ് പ്രമുഖ പുസ്തകശാലകളില്‍ 89 ദിര്‍ഹത്തിന് ലഭ്യമാണ്. ഇംഗ്ലീഷ് പതിപ്പ് ഒക്ടോബര്‍ 15ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കത്ത് ലഭിച്ച നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവച്ചു. എമിറാത്തി പൗരയായ നൂറ അല്‍ ഹെലാലിയും കത്തിന്റെ പകര്‍പ്പ് പങ്കുവച്ചു. ‘ഒരു പദവിയല്ല, ഒരു സ്ഥാനപ്പേരുമല്ല; അദ്ദേഹം പറഞ്ഞത് ‘നിങ്ങളുടെ സഹോദരന്’ എന്നാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അഭിമാനിക്കുന്നത്. ഈ രാജ്യത്തെ സേവിക്കുക എന്നത് ജീവിതത്തിന്റെ ലക്ഷ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നതും അതുകൊണ്ടാണ്,’ അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും കത്തയച്ചിരുന്നു
കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ശൈഖ് മുഹമ്മദ് സമാനമായ രീതിയില്‍ ഇമെയില്‍ സന്ദേശം അയച്ചിരുന്നു. അത് യുവതലമുറയെ ലക്ഷ്യമിട്ടുള്ള പ്രത്യേക സന്ദേശമായിരുന്നു. ‘A Letter to the New Generation’ എന്ന തലക്കെട്ടിലുള്ള കത്തില്‍, ഇന്നത്തെ കുട്ടികള്‍ വളരുന്ന ലോകത്തിന്റെ പ്രത്യേകതകളെക്കുറിച്ചും അവരുടെ മുന്നിലുള്ള അവസരങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. ‘നിങ്ങള്‍ വളരുന്നത് പരസ്പരം ബന്ധിപ്പിക്കപ്പെട്ട വിശാലമായ ഒരു ലോകത്താണ്. പഠനത്തിന് പരിധികളില്ല, അറിവിന് അതിരുകളില്ല, സംസ്കാരത്തിനും സമ്പദ്വ്യവസ്ഥയ്ക്കും അതിരുകളില്ല. നിങ്ങളുടെ ലോകം ഞങ്ങളുടേതുപോലെയല്ല. നിങ്ങളുടെ അറിവും ഞങ്ങളുടേതുപോലെയല്ല. നിങ്ങളുടെ ഉപകരണങ്ങളും ഞങ്ങളുടേതുപോലെയല്ല. നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങളുടേതിനേക്കാള്‍ വലുതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കത്തില്‍ പറയുന്നു.
‘ദി ലെറ്റേഴ്സ്’
ഭരണാധികാരികള്‍ എങ്ങനെ ഭരിക്കണം എന്നതിനെക്കുറിച്ചുള്ള പാഠങ്ങള്‍ മുതല്‍ വിവാഹം, കുടുംബം, നേതൃത്വം, നീതി, അഭിലാഷം, നഗരവികസനം, അധികാരത്തോടൊപ്പമുള്ള ഉത്തരവാദിത്വം തുടങ്ങിയ വ്യക്തിപരമായ ചിന്തകള്‍ വരെ ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. ‘Lessons from Life’ എന്ന കൃതിയുടെ രണ്ടാം ഭാഗമായ ‘The Letters’ 26 കത്തുകളുടെ സമാഹാരമാണ്. മക്കള്‍ക്കും കുടുംബത്തിനും സംഘാംഗങ്ങള്‍ക്കും സഹപൗരന്മാര്‍ക്കും ലോകത്തിനുമായി എഴുതിയ കത്തുകളാണ് പുസ്തകത്തിലുള്ളത്. ഏകദേശം ആറ് പതിറ്റാണ്ട് നീണ്ട പൊതുസേവന ജീവിതത്തിലെ അനുഭവങ്ങളും തീരുമാനങ്ങളും നേതൃത്വത്തെക്കുറിച്ചുള്ള പാഠങ്ങളും പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് പങ്കുവയ്ക്കുന്നു. ഭരണസംവിധാനം, നേതൃത്വം, രാജ്യനിര്‍മാണം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയ അനുഭവങ്ങളിലേക്കും തീരുമാനങ്ങളിലേക്കും പുസ്തകം തിരിഞ്ഞുനോക്കുന്നു.
