അബുദാബിയില്‍ മേസ്പോണം ആഘോഷിച്ചു; 28 കുടുംബങ്ങള്‍ ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി

അബുദാബി: എം.ഇ.എസ്. പൊന്നാനി കോളേജ് അലുമ്നിയുടെ അബുദാബി കൂട്ടായ്മയായ മേസ്പോ സംഘടിപ്പിച്ച ‘മേസ്പോണം 2026’ കേരള സോഷ്യല്‍ സെന്ററില്‍ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്ടിങ് പ്രസിഡന്റ് വി. പി. കെ അബ്ദുള്ള ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ടി.കെ മനോജ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് എ. എം. അന്‍സാര്‍, കെ.എസ്.സി. സെക്രട്ടറി സജീഷ് നായര്‍, സമാജം ജനറല്‍ സെക്രട്ടറി ടി.പി റഫീഖ്, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മേസ്പോ പ്രസിഡന്റ് എം. സുനീര്‍, ജനറല്‍ സെക്രട്ടറി സൂരജ് പൊന്നാനി, ട്രഷറര്‍ ബാബു അബ്ദുല്‍ ഹായ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊന്നാനി കോളേജ് ഗ്ലോബല്‍ അലുമ്നി ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് രാമനാഥന് മുഖ്യാതിഥിയായി. റിട്ട. അധ്യാപിക സുബൈദ ടീച്ചര്‍, രാമകൃഷ്ണന്, കെ. വി. മുഹമ്മദ് എന്നിവര്‍ അതിഥികളായി പങ്കെടുത്തു. 28 കുടുംബങ്ങള്‍ വീടുകളില്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ ഓണസദ്യ ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ ഓണക്കളികളും സാംസ്കാരിക പരിപാടികളും അരങ്ങേറി. അഷറഫ് പന്താവൂര്‍, മിയാസ് പാലപ്പെട്ടി എന്നിവര്‍ ഓണക്കളികള്‍ക്ക് നേതൃത്വം നല്കി. അസ്നാത് മന്‍സൂര്‍ അവതാരകയായും ഗെയിമുകളുടെ നിയന്ത്രകയായും പ്രവര്‍ത്തിച്ചു.
ചടങ്ങില്‍ സഫറുള്ള പാലപ്പെട്ടി രചിച്ച ‘സിദ്ധി മാസ്റ്റര്‍ ഒരു സമരജീവിതം’ എന്ന പുസ്തകം വി. പി. കെ അബ്ദുള്ളയ്ക്ക് നല്കി പ്രകാശനം ചെയ്തു. പ്രജോഷ് പൊന്നാനി ജനറല്‍ കണ്‍വീനറായും ഷുക്കൂര്‍ കഞ്ഞിരമുക്ക് ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. നൗഷാദ്, യൂസഫ്, എ.വി അബൂബക്കര്‍, ലത്തീഫ് കൊട്ടിലിന്കല്, ഷക്കീബ് പൊന്നാനി എന്നിവര്‍ സംസാരിച്ചു. അബുദാബിയിലെ നിരവധി പൊന്നാനി കോളേജ് പൂര്‍വവിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.