കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

ജറുസലേം: നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡിനോട് പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട്. ഇസ്രായേലില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ചുമതല ഏറ്റുവാങ്ങിയതിന് പിന്നാലെ, ഇത് ഐക്യത്തിനുള്ള സമയമാണെന്ന് പറഞ്ഞ ഐസന്‍കോട്ട് താന്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ അംഗീകരിക്കണമെന്ന് ലിക്കുഡ് പാര്‍ട്ടിയോടും അവരുടെ സഖ്യകക്ഷിയായ റിലീജിയസ് സയണിസത്തോടും ആവശ്യപ്പെട്ടു. അറബ് പാര്‍ട്ടികളുടെ പിന്തുണ സംബന്ധിച്ച് സഖ്യത്തില്‍ വിള്ളല്‍ നിലനില്‍ക്കെയാണ് ഐസന്‍കോട്ടിന്റെ പുതിയ നീക്കം. ഐസന്‍കോട്ടിന് പിന്തുണ നല്‍കുമെന്ന് അറബ് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേലിനെ യഹൂദ, ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ മൂല്യങ്ങള്‍ അംഗീകരിക്കുക, എല്ലാവര്ക്കും നിര്‍ബന്ധിത ദേശീയ സേവനം ഏര്‍പ്പെടുത്തുക, ഹമാസിനെ ഒരു ഭീകര സംഘടനയായി അംഗീകരിക്കുകയും അതിന്റെ നാശം ഉറപ്പാക്കുകയും ചെയ്യുക എന്നീ തത്വങ്ങളാണ് ഐസന്‍കോട്ട് മുന്നോട്ടുവെച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയ സമയത്ത് ഉന്നത അധികാര സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ആരും പൊതുജീവിതത്തില്‍ തുടരാന്‍ പാടില്ലെന്നാണ് അദ്ദേഹത്തിന്റെ കര്‍ശന നിലപാട്. എന്നാല്‍ ലിക്കുഡ് പാര്‍ട്ടി ഗാഡിയുടെ ആഹ്വാനത്തോട് പ്രതികരിച്ചിട്ടില്ല.