ജന്തര്‍ മന്തര്‍ സമരത്തില്‍ മുസ്ലിംകള് പങ്കെടുക്കരുതെന്ന ഫത്വയുമായി കാവി മൗലാനമാര് രംഗത്ത്

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് ഉത്തരേന്ത്യയിലെ ചില കാവി മൗലാനമാരുടെ ആഹ്വാനം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുസ്ലിം ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റി രാജ്യത്ത് സ്ഥിരമായി അധികാരം ഉറപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുമ്പോഴാണ് സുഖലോലുപരായി ജീവിക്കുന്ന ചില മൗലാനമാര് മുസ്ലിംകളുടെ അവകാശം ഏറ്റെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് മുസ്ലിം യുവാക്കളോട് വിവിധ മതനേതാക്കളുടെ അഭ്യര്‍ഥന. ഒക്ടോബര്‍ 10ന് നടക്കുന്ന പ്രതിഷേധത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യങ്ങള്ക്കായി തങ്ങളെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് മേധാവി ഉമര്‍ അഹമ്മദ് ഇല്യാസിയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച അഭ്യര്‍ഥന നടത്തിയത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇത് മുസ്ലിംകളുടെ പ്രതിഷേധമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും മുസ്ലിംകളെ ഉപയോഗപ്പെടുത്തുകയാണെന്നും അതിന് പകരമായി സമൂഹത്തിന് എന്താണ് ലഭിക്കുന്നതെന്ന് ആലോചിക്കണമെന്നും ഇല്യാസി അഭ്യര്‍ഥിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. മൗലാന ചൗധരി ഇബ്രാഹിം ഹുസൈനും ഇല്യാസിയുടെ നിലപാടിനെ പിന്തുണച്ചു. സാഹോദര്യവും സമാധാനവും ക്രമസമാധാനവും തകര്‍ക്കുന്ന പരിപാടികളില്‍ ആരും പങ്കാളികളാകരുതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ഓള് ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷന്‍ മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയാല്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലുമുള്ള മുസ്ലിം യുവാക്കള്‍ സി.ജെ.പിയുടെ പ്രതിഷേധത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങളുണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.