അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

മുംബൈ: മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ 2.7 ലക്ഷം പേരുടെ പ്രായം 101 മുതല്‍ 150 വയസ്സുവരെയായി രേഖപ്പെടുത്തിയ സാങ്കേതിക പിഴവ് തിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു മാസത്തിലേറെ സമയമെടുത്തു. ജനനവര്‍ഷം 1900 എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വോട്ടര്‍മാരുടെ പ്രായത്തില്‍ വലിയ പിഴവുണ്ടായത്. ഒക്ടോബര്‍ ആറിനാണ് പ്രശ്നം പരിഹരിച്ചത്. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടര്‍പട്ടികയിലാണ് 2,70,313 പേരുടെ പ്രായം തെറ്റായി രേഖപ്പെടുത്തിയത്. ഇതില്‍ 88 ശതമാനം പേരും നാസിക് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുള്ളവരാണ്. കല്‍വന്‍ (എസ്.ടി), ചാന്ദ്വാഡ്, ദിയോളാലി (എസ്.സി) മണ്ഡലങ്ങളിലായി 2,37,974 പേര് ഈ പട്ടികയിലുണ്ട്. ബാക്കി 32,339 പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
പിഴവ് എസ്.ഐ.ആറിന് മുമ്പുള്ള വോട്ടര്‍പട്ടികയില്‍ തന്നെയുണ്ടായിരുന്നോ അതോ പരിഷ്കരണത്തിനിടയില് സംഭവിച്ചതാണോ എന്ന് കണ്ടെത്താന്‍ മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി വിഭാഗത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ രണ്ടിനാണ് ആദ്യമായി കത്തയച്ചത്. സെപ്റ്റംബര്‍ എട്ടിന് വീണ്ടും ആവശ്യപ്പെട്ടു. വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എസ്. ചോക്കലിംഗം സെപ്റ്റംബര്‍ 17ന് സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ മനീഷ് ഗാര്ഗിന് കത്തയച്ചു. വിവരങ്ങള്‍ വൈകാതെ ലഭ്യമാക്കാന്‍ ഐ.ടി വിഭാഗത്തിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. വിവിധ മണ്ഡലങ്ങളിലായി 2,70,313 വോട്ടര്‍മാരുടെ പ്രായം 101 മുതല്‍ 150 വരെയുള്ള പരിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വലിയൊരു വിഭാഗത്തിന്റെ പ്രായം 126 ആണെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്.
ജനനവര്‍ഷമായി 1900 രേഖപ്പെടുത്തിയ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നും സിസ്റ്റത്തിലൂടെ തന്നെ പിഴവ് പരിഹരിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പോലും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് മേധാവിക്ക് കേന്ദ്ര കമ്മീഷന് ആസ്ഥാനത്തെ ആശ്രയിക്കേണ്ടിവന്ന സംഭവം തിരഞ്ഞെടുപ്പ് സംവിധാനത്തിലെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തുന്നു.
വോട്ടര്‍പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിയമപരമായി അധികാരമുള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്കും ഇ.ആര്.ഒ നെറ്റ് പോര്‍ട്ടലില്‍ ആവശ്യമായതും പൂര്‍ണവുമായ പ്രവേശനം ലഭിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വോട്ടര്‍പട്ടികയുടെ ഡാറ്റാബേസ് ക്രമേണ കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെടുകയാണെന്നായിരുന്നു വിവേക് ജോഷിയുടെ നിരീക്ഷണം. ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച മഹാരാഷ്ട്രയിലെ കരട് വോട്ടര്‍പട്ടികയില്‍ 7.72 കോടി വോട്ടര്‍മാരാണുള്ളത്. എസ്.ഐ.ആറിന് മുമ്പ് ഇത് 9.79 കോടിയായിരുന്നു. പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 12 ആണ്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും.