കെ.എം. ഷാജി സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചത് അനുമതിയോടെ; വിദേശത്ത് പോയി വാ എന്ന് പറഞ്ഞയച്ചത് താന്‍: വി.ഡി. സതീശന്

ന്യൂയോര്‍ക്ക്: ഇസ്രായേല്‍-ഫലസ്തീന് തര്‍ക്കവിഷയത്തില്‍ ‘രണ്ട് രാഷ്ട്ര പരിഹാരത്തിനായുള്ള’ ശ്രമങ്ങള്‍ക്ക് മറ്റ് ബദലുകളൊന്നുമില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സമയം കൈവിട്ടുപോകുകയാണെന്നും സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിന്റെ അടിസ്ഥാന അടിത്തറകള്‍ പോലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ അനുബന്ധമായി ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതല യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍, വീടുകള്‍ തകര്‍ക്കല്‍, വിശുദ്ധ സ്ഥലങ്ങളിലെ അതിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫലസ്തീന് കുടുംബങ്ങളെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തുന്ന അവസ്ഥയുണ്ടാക്കുന്നുവെന്നും ഇത് വംശഹത്യയുടെ ഭീതി ഉയര്‍ത്തുന്നുവെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
രണ്ട് രാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ വെറും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങരുത്. രാജ്യങ്ങള്‍ തങ്ങളുടെ നയങ്ങളിലും തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും ഇത് നടപ്പിലാക്കണം. കുടിയേറ്റങ്ങള്‍ തടയാനും അനധികൃതമായി ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാനും രാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണം. ഗാസയും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്കും ഒരൊറ്റ പരമാധികാര ഫലസ്തീന് ഭരണകൂടത്തിന് കീഴില്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും സംയോജിക്കപ്പെടണം.
1967-ലെ അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ ജറുസലേം ഇരു രാജ്യങ്ങളുടെയും തലസ്ഥാനമായി, ഇസ്രായേലും ഫലസ്തീനും പരസ്പര സമാധാനത്തിലും സുരക്ഷയിലും ജീവിക്കുന്ന രണ്ട് സ്വതന്ത്ര ജനാധിപത്യ രാഷ്ട്രങ്ങളാണ് ലക്ഷ്യം. ഇതിനപ്പുറം മറ്റൊരു ബദലുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.