സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

വാഷിങ്ടണ്‍: തനിക്ക് അനുകൂലമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് CNN, MS NOW, Politico എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങളെ വൈറ്റ് ഹൗസില്‍ നിന്ന് വിലക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ മാധ്യമസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംബന്ധിച്ച ചര്‍ച്ച അമേരിക്കയില്‍ ശക്തമായി. വെള്ളിയാഴ്ച ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ Truth Social വഴിയാണ് പ്രഖ്യാപനം നടത്തിയത്. മാധ്യമങ്ങള്‍ ‘വ്യാജവാര്‍ത്ത’ നല്‍കുന്നുവെന്നായിരുന്നു ആരോപണം. കൂടുതല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും സമാന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഭാവിയില്‍ മറ്റ് സ്ഥാപനങ്ങളെയും വിലക്കുമോ എന്ന ചോദ്യത്തിന് ട്രംപ് ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും ‘ഫേക്ക് ന്യൂസ്’ ആണെന്ന് പറഞ്ഞു. വിലക്കിന്റെ ഭാഗമായി പ്രത്യേക വാര്ത്തകളെയോ റിപ്പോര്‍ട്ടുകളെയോ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ല. CNN, MS NOW, Politico എന്നിവ വൈറ്റ് ഹൗസ് ഭരണകൂടത്തെക്കുറിച്ച് തുടര്‍ച്ചയായി പ്രതികൂലമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പ്രായോഗികമായി എങ്ങനെ തടയുമെന്നതിനെക്കുറിച്ച് പ്രഖ്യാപനസമയത്ത് വ്യക്തമായ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല.
ട്രംപിന്റെ നീക്കത്തെ CNN ശക്തമായി എതിര്‍ത്തു. ഭരണകൂടത്തിന്റെ ഇടപെടലോ തടസ്സമോ കൂടാതെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം യുഎസ് ഭരണഘടന സംരക്ഷിക്കുന്നുവെന്ന് സിഎന്‍എന്‍ വ്യക്തമാക്കി. വിലക്ക് നടപ്പാക്കിയാല്‍ അത് ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നിയമവിരുദ്ധമായ ഇടപെടലായിരിക്കുമെന്നും സ്ഥാപനം പറഞ്ഞു. യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി മാധ്യമസ്വാതന്ത്ര്യത്തിന് ശക്തമായ സംരക്ഷണം നല്‍കുന്നുണ്ട്. വൈറ്റ് ഹൗസ് പോലുള്ള ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന സംവിധാനത്തില്‍, അവരുടെ വാര്‍ത്തകളുടെ ഉള്ളടക്കം ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ മാത്രം ചില മാധ്യമങ്ങളെ തിരഞ്ഞെടുത്ത് ഒഴിവാക്കുന്നത് നിയമപരമായ വെല്ലുവിളിക്ക് വഴിയൊരുക്കും.
ട്രംപിന്റെ ആദ്യ ഭരണകാലത്തും വൈറ്റ് ഹൗസ് മാധ്യമപ്രവേശനം സംബന്ധിച്ച് നിയമപോരാട്ടമുണ്ടായിരുന്നു. 2018ല്‍ CNN റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റയുടെ വൈറ്റ് ഹൗസ് പ്രസ് ക്രെഡന്‍ഷ്യല്‍ റദ്ദാക്കിയ നടപടി CNN കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഫെഡറല്‍ കോടതി അക്കോസ്റ്റയുടെ പ്രവേശനം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ വിലക്ക് പ്രാബല്യത്തില്‍ വരുത്തുകയാണെങ്കില്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിലക്ക് ഏര്‍പ്പെടുത്തിയാല്‍
നിയമനടപടി സ്വീകരിക്കുമെന്ന് CNN മുന്നറിയിപ്പ്നല്‍കിയിട്ടുണ്ട്. ഈ മാധ്യമങ്ങളൊക്കം ഇറാനെതിരായ യുദ്ധത്തെക്കുറിച്ചടക്കം വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാണ് ആരോപണം.