ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: ഏജന്‍സി മുഖേനയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ താല്കാലികമായി തടസ്സപ്പെട്ട സാഹചര്യത്തില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രത്യേക കോണ്‍സുല്‍ അറ്റസ്റ്റേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി അപേക്ഷകള്‍ നേരിട്ട് സ്വീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുക്കും. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ സുപ്രധാന രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് അസോസിയേഷന്റെ ഇടപെടല്‍.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് നാളെയും മറ്റന്നാളും, ജൂലൈ 4 (ശനി), ജൂലൈ 5 (ഞായര്‍) എന്നീ ദിവസങ്ങളിലാണ് പ്രത്യേക കോണ്‍സുലാര്‍ അറ്റസ്റ്റേഷന് സര്‍വീസ് സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യന്‍ സമൂഹത്തിന് തങ്ങളുടെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള മികച്ചൊരു അവസരമാണിത്. ഇന്ത്യന്‍ കോടതികളില്‍ നിലനില്‍ക്കുന്ന നിയമതര്‍ക്കം കാരണം കോണ്‍സുലാര്‍ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഈ നടപടി. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കോണ്‍സുലാര്‍ സേവനങ്ങളുടെ കരാര്‍ നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രണ്ട് കമ്പനികള്‍ നല്കിയ കേസിനെ തുടര്‍ന്നാണ് സേവനം തടസ്സപ്പെട്ടിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും വിധി പറഞ്ഞില്ല. അടുത്ത വാദം കേള്‍ക്കല്‍ 2026 ജൂലൈ 13-ലേക്ക് മാറ്റിയിരിക്കുകയാണ്. ശക്തമായ മത്സരത്തിനൊടുവില്‍ 2025 നവംബറിലാണ് ‘അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്’ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള കരാര്‍ ലഭിച്ചത്. എന്നാല്‍ ഈ നിയമതര്‍ക്കം കാരണം കമ്പനിക്ക് ഇപ്പോള്‍ സേവനങ്ങള്‍ നല്കാന് കഴിയുന്നില്ല. ഈ പ്രതിസന്ധി നിരവധി ഇന്ത്യന്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും താല്‍ക്കാലികമായി നേരിട്ടെത്തുന്നവര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നത്. തിരക്ക് ഒഴിവാക്കാനും നടപടികള്‍ വേഗത്തിലാക്കുന്നതിനുമായി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ 9:00 മണി മുതല്‍ വൈകുന്നേരം 4:30 വരെയായിരിക്കും സര്‍വീസ്. അപേക്ഷകര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് (ഓഫീസില്‍ എത്തണം. അറ്റസ്റ്റേഷന് ചെയ്യേണ്ട ഒറിജിനല്‍ രേഖകള്‍, ആവശ്യമായ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍, ഒറിജിനല്‍ പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി, നിശ്ചിത ഫീസ് കൈയ്യില്‍ കരുതണം. രണ്ടു ദിവസത്തെ ക്യാമ്പില്‍ തടസ്സമില്ലാതെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍, കോണ്‍സുലേറ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള എല്ലാ രേഖകളും കൃത്യമാണെന്ന് അപേക്ഷകര്‍ മുന്‍കൂട്ടി ഉറപ്പാക്കണമെന്ന് ഐഎഎസ് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു