ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

അബുദാബി: യുഎഇയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലര്‍ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യ ദിവസം തന്നെ ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി അല്‍ഹിന്ദ് അധികൃതര്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ നല്കുന്ന പുതിയ ഇന്ത്യന്‍ കോണ്‍സുലാര്‍ അപ്ലിക്കേഷന്‍ സെന്ററുകള്‍ ഇന്ന് മുതലാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നടത്തുന്ന 16 കേന്ദ്രങ്ങളിലൂടെയാണ് ഇനി സേവനങ്ങള്‍ ലഭിക്കുക. കോണ്‍സുലാര്‍ സേവന കരാറുകള്‍ സംബന്ധിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന നിയമ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. അബുദാബിയില്‍ 6 കേന്ദ്രങ്ങളും ദുബൈയിലും ഷാര്‍ജയിലുമായി 4 കേന്ദ്രങ്ങളും വടക്കന്‍ എമിറേറ്റുകളില്‍ 6 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ബുര് ദുബൈയില്‍ യുഡബ്ല്യു മാളില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രധാന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച അല്‍ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും സ്ഥാപകനുമായ മുഹമ്മദ് ഹാരിസ് സംബന്ധിച്ചു. ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ ആദ്യ ദിവസം രാവിലെ തന്നെ 2,000-ത്തോളം പേര് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിട്ടുണ്ട്. യുഎഇയിലെ 16 ഐസിഎസി കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പ്രതിദിനം 8,000 അപേക്ഷകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ബുര് ദുബൈയിലെ പ്രധാന കേന്ദ്രത്തില്‍ 70 സര്‍വീസ് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ മാത്രം പ്രതിദിനം 600 അപേക്ഷകള്‍ വരെ സ്വീകരിക്കാനാകും.
രണ്ടാമത്തെ വലിയ കേന്ദ്രം ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ പുതിയ ശൃംഖലയുടെ പ്രവര്‍ത്തനത്തിനായി 350 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അപേക്ഷാ ഫീസിന് പുറമെ 19 ദിര്‍ഹം മാത്രമാണ് സേവന നിരക്ക്. ഫോട്ടോ എടുക്കല്‍, ഫോട്ടോക്കോപ്പി, പ്രിന്റിംഗ്, അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം, മറ്റ് അനുബന്ധ സേവനങ്ങള്‍ ഇതില്‍ ലഭിക്കും. പ്രീമിയം സേവനങ്ങളൊന്നുമില്ല. എല്ലാ അപേക്ഷകര്‍ക്കും ഒരേ നിലവാരത്തിലുള്ള സേവനമാണ് നല്‍കുക. ആവശ്യമായ എല്ലാ രേഖകളുമായെത്തുന്ന അപേക്ഷകര്‍ക്ക് ഏകദേശം 30 മിനിറ്റിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലിലൂടെ രാവിലെ 9 മണിക്കൂറിനും രാത്രി 9 മണിക്കൂറിനും പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകള്‍ ലഭ്യമാക്കും. പുതിയ ഐസിഎസി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍, വിസ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ഒസിഐ സേവനങ്ങള്‍, മറ്റ് എല്ലാ ഇന്ത്യന്‍ കോണ്‍സുലര്‍ സേവനങ്ങളും ലഭിക്കും. ഇനി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ നേരിട്ട് പോകേണ്ടതില്ല.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു