ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ സമരം പിന്‍വലിക്കില്ലെന്ന് സിജെപി
ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രതിഷേധം ഡല്‍ഹിയില്‍ ശക്തമായി തുടരുന്നു. ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തില്‍ ജനപങ്കാളിത്തം വര്‍ധിച്ചതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി മെട്രോയിലെ 16 സ്റ്റേഷനുകള്‍ അടച്ചു. ജന്തര്‍ മന്തറില്‍ സമരം തുടരുന്നതിനിടെ, പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷവും പൊലീസ് നടപടിയും പ്രതിഷേധത്തിന് കൂടുതല്‍ വ്യാപകമായ ശ്രദ്ധ നേടിക്കൊടുത്തു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക് നിരാഹാര സമരം തുടരുകയാണ്. വിദ്യാര്‍ഥി പ്രതിഷേധകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സമരം പരീക്ഷാ ക്രമക്കേടുകള്‍, പേപ്പര്‍ ചോര്‍ച്ച, യുവാക്കളുടെ തൊഴിലില്ലായ്മ, വിദ്യാര്‍ഥികളോടുള്ള പൊലീസ് നടപടികള്‍ തുടങ്ങിയ വിഷയങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രതിഷേധത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധി സമരത്തെ പോലീസ് നേരിട്ട രീതിയും വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ഫാസ്റ്റ്-ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, അത് മാത്രം മതിയാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടത് അനിവാര്യമാണെന്നും സിജെപി നേതൃത്വം പ്രതികരിച്ചു. സിജെപി വക്താവ് സൗരവ് ദാസ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രാജി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഭിജീത് ദിപ്കെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പരിഹസിച്ചു. ഡല്‍ഹിയിലെ 16 മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കാന്‍ തയ്യാറല്ല-എന്ന് വിമര്‍ശിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക് പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമായ ഉറപ്പ് നല്കിയാല് തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് അറിയിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയ ഡല്‍ഹി മെട്രോ രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, ഡല്‍ഹി ഗേറ്റ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്ഉള്പ്പെടെ 16 സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു. എന്നാല്‍ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളില്‍ ഇന്റര്‍ചേഞ്ച് സൗകര്യം തുടരും. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇതുവരെ 10 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.