അബുദാബി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജംങ്ക് ഫുഡുകള്‍ക്ക് നിയന്ത്രണം; ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ് നല്കി വരുന്ന ഭാരത് ഓണര്‍ ദേശീയ പുരസ്കാരത്തിന് ചിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നസീര്‍ രാമന്തളി അര്‍ഹനായി. പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവാസ ജീവിതത്തിനിടയില്‍ കലാ, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. യുഎഇ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഗവണ്മെന്റ് അംഗീകൃത സംഘടനയായ ദുബൈ കെഎംസിസി വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന അഞ്ഞൂറോളം കലാകാരന്മാര് മാറ്റുരക്കാറുള്ള ദുബൈ സംസ്ഥാന കലോത്സവത്തില്‍ ഒന്‍പത് തവണ പങ്കെടുത്തത്തില്‍ എട്ട് വര്‍ഷവും നസീര്‍ രാമന്തളി കലാപ്രതിഭ പുരസ്കാരം നേടിയിരുന്നു. ചിത്രരചന, കാര്‍ട്ടൂണ്‍, പ്രബന്ധ രചന, പ്രസംഗം, കഥാരചന, കാലിഗ്രാഫി തുടങ്ങിയ വിവിധ കലാപസാഹിത്യ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച നസീര്‍ രാമന്തളിയുടെ ധാരാളം കാര്‍ട്ടൂണുകളും ലേഖനങ്ങളും പ്രമുഖ പത്രമാധ്യമങ്ങളില്‍ കാലങ്ങളായി പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സാമൂഹത്തിന്റെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളായ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി മലയാളി സമാജം, കെഎംസിസി ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. നവതലമുറയില്‍ കലാ സാംസ്കാരിക അഭിരുചി വളര്‍ത്തുന്നതിനു വേണ്ടി യുഎഇ കേന്ദ്രീകരിച്ച് നസീര്‍ രാമന്തളിയുടെ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ ഫോട്ടോ പ്രദര്‍ശനങ്ങളും ചിത്രകലാ വിജ്ഞാന ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ ഉള്‍പ്പെടെ വിവിധ എമിരേറ്റുകളിലെ മലയാളി സംഘടനകളില്‍ നിന്നും കലാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി തവണ അംഗീകാരങ്ങളും ഉപഹാരങ്ങളും നേടിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെയായി അബുദാബി പോലീസ് വകുപ്പില്‍ സേവനം ചെയ്ത് വരികയാണ്. മികച്ച വാഗ്മിയും ചരിത്രകാരനുമായ നസീര്‍ രാമന്തളി യുഎഇയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമാണ്.