മിസൈല്‍ ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ 12.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും വിജയകരമായ അധ്യയന വര്‍ഷം ആശംസിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. 2026-27 അധ്യയന വര്‍ഷം ഇന്നാണ് സ്കൂളുകള്‍ ആരംഭിച്ചത്. വേനല്‍ അവധിക്ക് ശേഷം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയത്. പുതിയ അധ്യയന വര്‍ഷത്തെ ശുഭാപ്തിവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും സമീപിക്കണമെന്ന് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിലൂടെയുള്ള സന്ദേശത്തില്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. യുഎഇയിലെ കുട്ടികളാണ് ‘നമ്മുടെ യഥാര്‍ഥ സമ്പത്ത്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അറിവ് നേടാനും ജീവിത നൈപുണ്യങ്ങള്‍ വികസിപ്പിക്കാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികളില്‍ ആജീവനാന്ത പഠനത്തോടുള്ള താല്പര്യം വളര്‍ത്തുന്നതിനും ഭാവിയിലേക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള സഹകരണം തുടര്‍ന്നും ശക്തിപ്പെടുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു. അക്കാദമിക് വളര്‍ച്ചയ്ക്കൊപ്പം വിദ്യാര്‍ഥികളുടെ ദേശീയ വ്യക്തിത്വബോധവും മൂല്യങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം മികച്ച ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ എമിറേറ്റുകളിലും പോലീസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും വളരെ കരുതലോടെയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ സ്കൂളുകള്‍ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനാല്‍ ഗതാഗത മേഖലയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ യുഎഇയിലെ പൊതു സ്കൂളുകളില്‍ നാല് ദിവസത്തെ ഘട്ടംഘട്ടമായ തിരിച്ചുവരവ്, ഹോംവര്‍ക്ക് പരിഷ്കാരങ്ങള്‍, പരീക്ഷാ രീതിയിലെ മാറ്റങ്ങള്‍ തുടങ്ങിയ പരിഷ്കാരങ്ങളും പ്രാബല്യത്തില്‍ വരുന്നു. കെജി മുതല്‍ ഗ്രേഡ് രണ്ടുവരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് സമ്പ്രദായം ഒഴിവാക്കിയത് വലിയ മാറ്റമായാണ് വിലയിരുത്തുന്നത്. കുട്ടികള്‍ക്ക് കൂടുതല്‍ കളിക്കാനും ഉല്ലസിക്കാനും സമയം അനുവദിച്ചുകൊണ്ടുള്ള പഠനരീതി നടപ്പാക്കുന്നത് അവരുടെ വ്യക്തിത്വ വികാസത്തിനും പഠനമികവിനും ഗുണകരമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.