യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

ടെഹ്റാന്: ഇറാനില്‍ ജനുവരിയില്‍ നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്നാരോപിച്ച് അറസ്റ്റിലായ 19കാരികളായ ഇരട്ട സഹോദരിമാരില്‍ ഒരാള്‍ക്ക് വധശിക്ഷയും മറ്റൊരാള്‍ക്ക് 25 വര്‍ഷം തടവും വിധിച്ചതായി റിപ്പോര്‍ട്ട്. ഇസ്ഫഹാനിലെ താരനേഹ്, റോമിന റഹീമി സഹോദരിമാര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ മുഖംമൂടി ധരിച്ച സംഘം വീട്ടിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. തലയില്‍ ബാഗ് ധരിപ്പിച്ച് കൊണ്ടുപോയ ഇരുവരെയും കുറിച്ച് നാല് മാസത്തോളം അമ്മയ്ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് പറയുന്നു. മെയ് മാസത്തില്‍ ഇസ്ഫഹാനിലെ ദൗലത്താബാദ് ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചപ്പോഴാണ് അമ്മ മക്കളെ കണ്ടത്. മക്കളുടെ മുഖത്ത് വീക്കവും മര്‍ദനത്തിന്റെ പാടുകളും കൈകാലുകളില്‍ പരിക്കുകളും തലയില്‍ മുടി നഷ്ടപ്പെട്ട പാടുകളും ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
മര്‍ദ്ദനത്തിലൂടെയാണ് താരനേഹ് കോടതിയില്‍ നല്‍കിയതായി പറയുന്ന കുറ്റസമ്മതം നടത്തിയതെന്ന് അഭിഭാഷകര്‍ ആരോപിച്ചു. റോമിനയെ ലൈംഗികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താരനേഹില് നിന്ന് കുറ്റസമ്മതം ഒപ്പിടിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇരുവരെയും ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്നുവെന്നും പറയുന്നു. ജനുവരി 8, 9 തീയതികളില്‍ ഇസ്ഫഹാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതാണ് കേസിന് ആധാരം. എന്നാല്‍ ഇരുവരും അക്രമത്തില്‍ പങ്കെടുത്തതിന് തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും, ഇതിന് മുമ്പ് അവര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം പറയുന്നു. അമ്മയ്ക്ക് വിചാരണയില്‍ പങ്കെടുക്കാനും അനുമതി ലഭിച്ചില്ല.
ഒരേ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരട്ട സഹോദരിമാര്‍ക്ക് ഒരാള്‍ക്ക് വധശിക്ഷയും മറ്റൊരാള്‍ക്ക് 25 വര്‍ഷം തടവും ലഭിച്ചതിന്റെ കാരണം വ്യക്തമല്ല. വധശിക്ഷ മറ്റ് പ്രതിഷേധകരെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജനുവരി പ്രക്ഷോഭത്തിന് പിന്നാലെ ഇറാനില്‍ വ്യാപകമായ അടിച്ചമര്‍ത്തല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പ്രതിഷേധകര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. കുതിരകളെ വളര്‍ത്താനുള്ള സ്വന്തം ഫാം നടത്തണമെന്നായിരുന്നു താരനേഹിന്റെ സ്വപ്നം. അതിനള്ള ഒരുക്കത്തിലായിരുന്നു സഹോദരികള്‍.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു