ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ചെന്നൈ: സ്ത്രീകള്‍ക്കെതിരെയുള്ള വ്യക്തിഹത്യയും അധിക്ഷേപ പരാമര്‍ശങ്ങളും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ സ്ത്രീകളെ അനാവശ്യമായി വലിച്ചിഴയ്ക്കുകയും തരംതാണ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ മുന്നറിയിപ്പ് നല്കി.
‘സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യം നമ്മള് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് നമ്മള് ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ ആളുകളെയോ സ്ത്രീകളെയോ മറ്റുള്ളവരെയോ വ്യക്തിഹത്യ ചെയ്യരുത് എന്നാണ് അഭ്യര്‍ഥന. അടുത്ത കാലത്തായി തമിഴ്നാട്ടില്‍ അശ്ലീലത്തിന്റെയും വിദ്വേഷത്തിന്റെയും നദികള്‍ ഒഴുകുകയാണ്. സ്ത്രീകളെ കുറിച്ച് അപകീര്‍ത്തികരമായ രീതിയിലും ദ്വയാര്ഥത്തിലോ അതില്‍ കൂടുതലോ അര്‍ഥങ്ങളിലോ സംസാരിക്കുന്നവരെ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വീടുകളില്‍ അമ്മയായും സഹോദരിയായും ഉള്ളത് ഇതേ സ്ത്രീകള്‍ തന്നെയാണ്. ‘വ്യക്തിപരമായി പറഞ്ഞാല്‍, സിനിമാതാരമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും എന്നെ ഇന്നത്തെ നിലയിലാക്കിയത് ജനങ്ങളാണ്. അതില്‍ നമ്മുടെ വീടുകളിലെ സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ഏത് തരത്തിലുള്ള അശ്ലീല പരാമര്‍ശങ്ങളിലും നിയമം അതിന്റെ വഴിക്കു പോകും’. വിജയ് പറഞ്ഞു.
നടി തൃഷയും വിജയിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയായിരുന്നു പരാമര്‍ശം. അതേ സമയം, വിജയ്ക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന് രംഗത്തെത്തി. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് വലിയ വിപത്താണെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും ഉദയനിധി പറഞ്ഞു. സോഷ്യല്‍ മീഡിയ റീലുകള്‍ക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകള്‍ പറയുകയും ആരോ എഴുതിക്കൊടുത്ത കാര്യങ്ങള്‍ നോക്കി വായിക്കുക മാത്രമാണ് വിജയ് ചെയ്യുന്നതെന്നും ഉദയനിധി പരിഹസിച്ചു.