റെയില്‍ സര്‍വീസുകളും ഇന്റര്‍നെറ്റും തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ചൊവ്വാഴ്ചയ്ക്കകം പ്രതികരണം തേടി

ദുബൈ: ഗതാഗതക്കുരുക്കിന് പിന്നാലെ ഇന്ധനവിലയും വര്‍ധിച്ചതോടെ ദുബൈയില്‍ സ്വന്തമായി വാഹനമുപയോഗിക്കുന്നവര്‍ മാറി ചിന്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ യുഎഇയില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍ വില 16 ശതമാനത്തിലേറെ ഉയര്‍ന്നതോടെ വാഹന ഉടമകള്‍ യാത്രാശീലത്തിലും മറ്റും മാറ്റത്തിനൊരുങ്ങുകയാണ്. ഇന്ധന ബജറ്റ് ഉയര്‍ന്നത് പലരുടെയും മാസബജറ്റില്‍ വലിയ വ്യത്യാസം വരുമെന്നാണ് പറയുന്നത്. പലരും സ്വന്തം വാഹനങ്ങള്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്. ദിവസവും ഓഫീസിലേക്ക് പോകുന്നവര്‍ മെട്രോ ഉപയോഗിക്കാനും ആവശ്യങ്ങള്‍ക്ക് മാത്രം ഓഫീസില്‍ പോകാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ബിസിനസ് യോഗങ്ങള്‍ മെട്രോ കണക്റ്റിവിറ്റിയുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനും ചിലര്‍ ആലോചിക്കുന്നുണ്ട്. എല്ലാ ദിവസവും കാറെടുത്ത് ഓഫീസിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്ത് പോകുന്നതിന് പകരം വര്‍ക് ഫ്രം ഹോം സാധ്യതകളും പരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഗതാഗക്കുരുക്കും പലരെയും നന്നായി വലക്കുന്നുണ്ട്. മെട്രോ സര്‍വീസുള്ള സ്ഥലങ്ങളില്‍ പരമാവധി ഈ സംവിധാനം ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് പലരും. മെട്രോയില്‍ അരമണിക്കൂറിലെത്താവുന്ന സ്ഥലത്തേക്ക് കാറില്‍ സഞ്ചരിക്കണമെങ്കില്‍ ഒരു മണിക്കൂറിലധികം സമയം വേണം.
കൂടാതെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് തുടങ്ങിയതോടെ ദുബൈ-അബുദാബി റൂട്ടില്‍ സ്ഥിരമായി സഞ്ചരിക്കുന്നവരും മാറ്റത്തിനൊരുങ്ങുകയാണ്. ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 30ന് സര്‍വീസ് ആരംഭിച്ചതോടെ ദിവസേന ജോലി ആവശ്യത്തിനായി ഇരു എമിറേറ്റുകള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സമയവും പണവും ലാഭിക്കാനുള്ള പുതിയ സാധ്യതയാണ് തുറന്നത്. ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് ടാക്സിക്ക് 350 ദിര്‍ഹത്തിലേറെ ചെലവ് വരും. ട്രെയിന്‍ ടിക്കറ്റിന് 39 ദിര്‍ഹവും ലക്ഷ്യസ്ഥാനത്തെത്താന്‍ ടാക്സിയും ആശ്രയിച്ചാല്‍ തന്നെ 200ല്‍ താഴെ ദിര്‍ഹമേ ചെലവ് വരികയുള്ളൂ. ട്രെയിന്‍ യാത്ര കൂടുതല്‍ സൗകര്യപ്രദമാണെന്ന് മാത്രമല്ല സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താം. കൂടാതെ ദുബൈ-അബുദാബി സ്റ്റഷനുകളില്‍ നിന്നും ഷട്ടില്‍ ബസ്, ടാക്സി, കാര്‍ വാടക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ദുബൈ സ്റ്റേഷനില്‍ നിന്നും മെട്രോ കണക്ഷനുമുണ്ട്. സാധാരണഗതിയില്‍ അബുദാബിയിലേക്ക് പോകാന്‍ ഏകദേശം ഒന്നര മണിക്കൂറും തിരിച്ചുവരാന്‍ ഗതാഗതക്കുരുക്ക് കാരണം ചിലപ്പോള്‍ അതിലേറെയും സമയമെടുക്കും. പുതിയ ട്രെയിന്‍ സര്‍വീസ് റോഡ് യാത്രയേക്കാള്‍ കൃത്യമായ യാത്രാസമയം നല്കുന്നു. ദുബൈ അല്‍ യലയിസ് സ്റ്റേഷനില്‍ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 64 മിനിറ്റ് മാത്രമാണ് വേണ്ടത്. നിലവില്‍ ദുബൈയില്‍ നിന്ന് ദിവസവും അഞ്ച് സര്‍വീസുകളാണ് ഉള്ളത്. രാവിലെ 6:14, 7:14, ഉച്ചയ്ക്ക് 1:14, വൈകിട്ട് 5:14, 6:14. അബുദാബിയില്‍ നിന്നുള്ള മടക്ക സര്‍വീസുകള്‍ 6:43, 7:43, 12:43, 4:43, 5:43 എന്നിങ്ങനെയാണ്. കഫര്‍ട്ട് ക്ലാസ് നിരക്ക് 39 ദിര്‍ഹത്തില്‍ ആരംഭിക്കുമ്പോള്‍*പ്രീമിയം ക്ലാസ് 109 ദിര്‍ഹത്തില്‍ ആരംഭിക്കുന്നു. ഇത്തരത്തില്‍ ചെലവ്, യാത്രാസമയം, സൗകര്യം തുടങ്ങിയവ വിലയിരുത്തുമ്പോള്‍ പൊതുഗതാഗത സംവിധാനത്തിന് ദുബൈയില്‍ പ്രിയമേറി വരികയാണ്. ഗതാഗതക്കുരുക്ക് കണക്കിലെടുക്കുകയാണെങ്കില്‍ മെട്രോ, ഇത്തിഹാദ് റെയില്‍ സംവിധാനത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണ് വിലയിരുത്തല്‍.