പാറ്റകളെ വെറുതെ വിട്ട് കോടതി; അഭിജീത് ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക്

ദുബൈ: യുഎഇയില്‍ താമസക്കാരെയും ജോലിക്കാരെയും ബിസിനസുകളെയും ബാധിക്കുന്ന പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ സ്വകാര്യത, ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട നിയമഭേദഗതി, ഭക്ഷ്യവസ്തുക്കളിലെ ഉപ്പ്-പഞ്ചസാര അളവുകള്‍, ഇലക്ട്രോണിക് ഇന്‍വോയ്സിംഗ്, ദുബൈയിലെ ഷെയറിങ് താമസസ്ഥലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങളാണ് നിലവില്‍ വന്നിട്ടുള്ളത്.
1. ആത്മഹത്യാശ്രമം ക്രിമിനല്‍ കുറ്റമല്ലാതാക്കി
മാനസിക പ്രതിസന്ധികള്‍ നേരിടുന്നവര്‍ നിയമനടപടി ഭയപ്പെടാതെ സഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, യുഎഇയുടെ കുറ്റകൃത്യങ്ങളും ശിക്ഷാ നിയമങ്ങളും ഭേദഗതി ചെയ്തു. ആത്മഹത്യാശ്രമം നടത്തുന്നവര്‍ക്കുള്ള ക്രിമിനല്‍ ശിക്ഷ ഇതിലൂടെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കും.
ആത്മഹത്യാശ്രമം മൂലം സ്ഥിരമായ വൈകല്യമോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ സഹായിച്ചവര്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. പ്രേരിപ്പിക്കലിനെ തുടര്‍ന്ന് മരണം സംഭവിച്ചാല്‍ 5 മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാം. കുറ്റക്കാരായ വിദേശികളെ നാടുകടത്താനും സാധ്യതയുണ്ട്.
2. സ്കൂളുകളില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണം
അനുമതിയില്ലാതെ സ്കൂള്‍ ക്യാമ്പസുകളില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിനും, വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനും ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, സ്കൂള്‍ ബസ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കുറ്റക്കാര്‍ക്ക് വലിയ തുക പിഴയും കുറഞ്ഞത് ആറുമാസം മുതല്‍ തടവുശിക്ഷയും ലഭിക്കാം.
3. ഭക്ഷ്യവസ്തുക്കളില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
ബ്രെഡ്, മധുരം ചേര്‍ത്ത പാല് പാനീയങ്ങള്‍, തൈര്, ഉപ്പുരസമുള്ള സ്നാക്കുകള്‍, സംസ്കരിച്ച ചീസ് തുടങ്ങിയ തിരഞ്ഞെടുത്ത പാക്കേജ്ഡ് ഭക്ഷണങ്ങളില്‍ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവില്‍ യുഎഇ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശികമായി നിര്‍മ്മിക്കുന്നവയ്ക്കും ഇറക്കുമതി ചെയ്യുന്നവയ്ക്കും ഫ്രീസോണുകളിലെ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാണ്. 2030 ഡിസംബര്‍ 31-ഓടെ ഇതിന്റെ പൂര്‍ണ്ണമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ആറുമാസം വരെ ബിസിനസ്സ് ലൈസന്‍സ് റദ്ദാക്കലോ അടച്ചുപൂട്ടലോ നേരിടേണ്ടി വരും.
4. ഇലക്ട്രോണിക് ഇന്‍വോയ്സിംഗ്, അക്രഡിറ്റേഷന് ചട്ടങ്ങളില്‍ മാറ്റം
ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ മന്ത്രിതല തീരുമാനപ്രകാരം ഇലക്ട്രോണിക് ഇന്‍വോയ്സിംഗ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കുള്ള അക്രഡിറ്റേഷന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വന്ന ഈ പുതിയ നിയമപ്രകാരം, മുന്‍കൂര്‍ അനുമതി ഘട്ടം ഒഴിവാക്കി സിസ്റ്റം പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേക്ക് മാറ്റുകയാണ്. മുന്‍കൂര്‍ അനുമതി ലഭിച്ച സേവന ദാതാക്കള്‍ ഒക്ടോബര്‍ 1 മുതല്‍ 30 ദിവസത്തിനകം അക്രഡിറ്റേഷന് ആവശ്യകതകള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
5. ഷെയറിങ് താമസസ്ഥലങ്ങള്‍ക്ക് കര്‍ശന നിയമങ്ങള്‍
ദുബൈ ഷെയറിങ് താമസസ്ഥലങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു. കുടുംബങ്ങളും അവിവാഹിതരായ വ്യക്തികളും ഒരേ റെസിഡന്‍ഷ്യല്‍ യൂണിറ്റില്‍ താമസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ശൈഖ് സായിദ് റോഡ്, ജുമൈറ റോഡ്, അല്‍ വസ്ല് റോഡ്, ബനിയാസ് റോഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ വ്യക്തിഗത ഷെയറിങ് താമസ സൗകര്യം അനുവദനീയമല്ല, അവിടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.