എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇറാന് പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രണത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തതിനെ തുടര്‍ന്ന് യാത്രാതടസ്സം നേരിടുന്ന സൗദി പൗരന്മാര് അതത് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. യു.എസ്, യു.കെ, അയര്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ സൗദിയിലെ എംബസികള്‍ സംഭവത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവള മേഖലയിലേക്ക് പോകരുതെന്ന് പൗരന്മാരോട് അമേരിക്കന്‍ എംബസി ആവശ്യപ്പെട്ടു.
അതേ സമയം, ഹൂതികള്‍ക്കെതിരെയുള്ള സൗദിയുടെ ആക്രമണങ്ങളില്‍ അമേരിക്കയും പങ്കുചേരുമോ എന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.