ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബൈ FZ1073 വിമാനത്തില്‍ യാത്രക്കിടെ കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തില്‍ തീവ്രവാദ ബന്ധമോ മുന്‍കൂട്ടിയുള്ള ആസൂത്രണമോ ഉണ്ടായിരുന്നോയെന്ന് യുഎഇ അന്വേഷിക്കുന്നു. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കാന് ഉത്തരവിട്ടു. സെപ്റ്റംബര്‍ 30ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. സംഭവത്തിനിടെ പൈലറ്റിനും സഹപൈലറ്റിനും പരിക്കേറ്റു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഇടപെട്ടാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. അന്വേഷണ സംഘം സംഭവത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും ഉദ്ദേശ്യങ്ങളും സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുകയും, സംഭവത്തിന് ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായോ ലക്ഷ്യവുമായോ ബന്ധമുണ്ടോയെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും പരിശോധിക്കുകയും ചെയ്യും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട യുഎഇ ഏജന്‍സികളുമായും സഹകരിച്ചാണ് അന്വേഷണം.
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് നേരത്തേ പുറത്തുവന്ന ചില വിവരങ്ങളില്‍ പൈലറ്റുമാരുടെ ദേശീയത ഉള്‍പ്പെടെ കൃത്യതയില്ലാത്ത കാര്യങ്ങളുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമായതിനാല്‍, വിമാനം രാജ്യത്തിന് പുറത്തായിരിക്കുമ്പോഴും അതിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ യുഎഇ നിയമപ്രകാരം അന്വേഷണം നടത്താന്‍ യുഎഇ ജുഡീഷ്യല്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തിനിടെ പരിക്കേറ്റിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണായകമായി ഇടപെട്ട ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വിവിധ നേതാക്കള്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ എംബസി അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമാണെന്ന് അറിയിച്ചു. സംഭവത്തെ ‘തീവ്രവാദ ആക്രമണം’ എന്ന് ഇസ്രായേല്‍ നേതാക്കള്‍ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, സംഭവത്തിന്റെ യഥാര്‍ഥ കാരണവും ഉദ്ദേശ്യവും സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താന്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ട്. സഹപൈലറ്റ് ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.