ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

ഗാന്ധിനഗര്‍: ഫ്ലൈദുബൈ വിമാനത്തിലെ അടിയന്തര സാഹചര്യത്തില്‍ യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ ധീരമായ ഇടപെടല്‍ നടത്തിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വിശിഷ്ട ഗുജറാത്ത് ഗരിമ അവാര്‍ഡ് നല്കി ആദരിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് പ്രഖ്യാപനം നടത്തിയത്. ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തില്‍ കോക്പിറ്റില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ക്യാപ്റ്റന്‍ മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റിട്ടും കോക്പിറ്റ് വാതില്‍ തുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും അകത്ത് പ്രവേശിക്കുകയും ആക്രമണത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് സുരക്ഷിതമായി തിരിച്ചുവിട്ടു. വിമാനത്തില്‍ 174 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ കൃത്യമായ കാരണവും വിശദാംശങ്ങളും അധികൃതരുടെ അന്വേഷണത്തിലാണ്.
മച്ചാറിന്റെ ധൈര്യത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുരസ്കാര പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ ധീരതക്ക് അഭിനന്ദിച്ചിരുന്നു. ഇതിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് സൗദി അറേബ്യയില്‍ ശസ്ത്രക്രിയ നടത്തിയതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.