ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

ദുബൈ: ഫ്ലൈദുബൈ വിമാനത്തിലെ കോക്പിറ്റില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ 174 യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റി. സൗദിയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ചികിത്സക്കായാണ് യുഎഇയിലെത്തിച്ചത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വ്യാഴാഴ്ച ആശുപത്രിയിലെത്തി മച്ചാറിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
നേരത്തെ അംബാസഡര്‍ ഡോ. ദീപക് മിത്തലും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണു വര്ധന് റെഡ്ഡിയും മച്ചാറിന്റെ കുടുംബാംഗങ്ങളെ ദുബൈയില്‍ സന്ദര്‍ശിച്ചിരുന്നു. മച്ചാറിന്റെ ആരോഗ്യനിലയും ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ കുടുംബത്തെ അറിയിക്കുകയും യുഎഇ അധികൃതരുമായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മച്ചാറിന്റെ അസാധാരണ ധൈര്യത്തെയും സാന്നിധ്യബോധത്തെയും ജീവന് രക്ഷിക്കാനുള്ള നിസ്വാര്‍ഥ ഇടപെടലിനെയും അവര്‍ അഭിനന്ദിച്ചു. മച്ചാറിന്റെ ഭാര്യയെയും സഹോദരനെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടതായി അംബാസഡര്‍ പറഞ്ഞു.
ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബൈ FZ1073 വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു മച്ചാര്‍. കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനം ഏകദേശം 29 സെക്കന്‍ഡിനിടെ 14,000 അടിയിലേറെ ഉയരം നഷ്ടപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിനിടെ മച്ചാറിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നിലയിലും കോക്പിറ്റ് വാതില്‍ തുറക്കാനുള്ള സംവിധാനം സജീവമാക്കിയതോടെ യാത്രക്കാരും ജീവനക്കാരും അകത്ത് പ്രവേശിച്ച് ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്നയാളെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.