ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; മുസ്ലീം ലീഗ് നേതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) സമരവും ആരംഭിച്ചു. ജന്തര്‍ മന്തറിലെ മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിെലടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. 3000 മുതല്‍ 4000 ആളുകള്‍ വരെ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനെത്തുമെന്നാണ് സൂചന. ബാരിക്കേഡുകള്‍വച്ച് പൊലീസ് വഴി തടഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രതിഷേധത്തിനെത്തിയ നിരവധിപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കൂടാതെ വിവിധ സംഘടനകളും ഇന്ന് ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും. ജന്തര്‍ മന്തറില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ റോഡുകള്‍ അടച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്.
സിജെപിയുടെ സമരം മുംബൈയിലാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും മുംബൈയിലെ ശിവാജി പാര്‍ക്കിലുമാണ് പ്രധാനമായും പ്രതിഷേധ സംഗമങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മ, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ കമ്മീഷനുണ്ടായ വീഴ്ചകള്‍ എന്നിവ ഉന്നയിച്ചാണ് പ്രതിഷേധം.