രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: യുഎഇയുടെ ആസ്റ്ററോയ്ഡ് ബെല്‍റ്റ് പര്യവേക്ഷണ ദൗത്യത്തിനായുള്ള MBR Explorer പേടകം വിക്ഷേപണത്തിന് സജ്ജമായതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രണ്ട് വര്‍ഷത്തില്‍ താഴെ സമയത്തിനുള്ളില്‍ പേടകം യുഎഇയില്‍ തന്നെ വികസിപ്പിക്കുകയും അസംബിള്‍ ചെയ്യുകയും പരീക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തതായി ശൈഖ് ഹംദാന്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളില്‍ എമിറാത്തി എന്‍ജിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും പങ്ക് വര്‍ധിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
500 കോടി കിലോമീറ്റര്‍ യാത്ര
Emirates Mission to the Asteroid Belt (EMA) പദ്ധതിയുടെ ഭാഗമായി 2028ലാണ് MBR Explorer വിക്ഷേപിക്കുക. ഏകദേശം 5 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ച് ചൊവ്വക്ക് അപ്പുറമുള്ള പ്രധാന ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ ഏഴ് ആസ്റ്ററോയ്ഡുകളെ പഠിക്കുകയാണ് ലക്ഷ്യം. ശുക്രന്, ഭൂമി, ചൊവ്വ എന്നിവയുടെ ഗുരുത്വാകര്‍ഷണം പ്രയോജനപ്പെടുത്തി പേടകത്തിന്റെ വേഗവും പാതയും ക്രമീകരിച്ചായിരിക്കും യാത്ര. ദൗത്യത്തില്‍ 150ലധികം എമിറാത്തി എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും ദേശീയ സംഘമായി പ്രവര്‍ത്തിക്കുന്നതായി ശൈഖ് ഹംദാന്‍ പറഞ്ഞു.
13 വര്‍ഷം നീളുന്ന ദൗത്യം
ദൗത്യത്തിന് ആകെ 13 വര്‍ഷമാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ആറ് വര്‍ഷം പേടകത്തിന്റെ വികസനത്തിനും തുടര്‍ന്ന് ഏഴ് വര്‍ഷം ആസ്റ്ററോയ്ഡ് ബെല്റ്റിലേക്കുള്ള യാത്രയ്ക്കുമാണ്. ആറ് ആസ്റ്ററോയ്ഡുകള്‍ക്ക് സമീപത്തുകൂടി സഞ്ചരിച്ച ശേഷം ഏഴാമത്തെ ആസ്റ്ററോയ്ഡായ Justitia യില്‍ പേടകം ലാന്‍ഡര്‍ ഇറക്കി ഉപരിതലത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതി. ആസ്റ്ററോയ്ഡുകളുടെ ഘടന, ഭൂമിശാസ്ത്രം, സാന്ദ്രത, താപനില തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ദൗത്യം ശേഖരിക്കും. സൗരയൂഥം എങ്ങനെ രൂപപ്പെട്ടു, കാലക്രമത്തില്‍ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്കും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
യുഎഇയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ
യുഎഇയുടെ ബഹിരാകാശ മേഖലയുടെ നിലവിലെ മൂല്യം 44 ബില്യണ്‍ ദിര്ഹത്തിലധികമാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. 2031ഓടെ ബഹിരാകാശ സമ്പദ്വ്യവസ്ഥയില്നിന്നുള്ള നേട്ടം ഇരട്ടിയാക്കുകയും ലോകത്തിലെ മുന്‍നിര 10 ബഹിരാകാശ സമ്പദ്വ്യവസ്ഥകളില് യുഎഇയെ ഉള്‍പ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദൗത്യത്തിന്റെ 50 ശതമാനം ജോലികളും യുഎഇ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ ബഹിരാകാശ വ്യവസായത്തിലെ നിക്ഷേപത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.