റിയാദില്‍ ഹൂതി ആക്രമണത്തിന് ഇരയായത് ഉംറ തീര്‍ത്ഥാടകര്‍; ഉംറക്ക് പുറപ്പെട്ട യുഎഇ അധ്യാപികക്കും പരിക്ക്

ദുബൈ: ഭാവിയിലെ ഏറ്റവും വിലപ്പെട്ട കറന്‍സി വെള്ളമോ ഊര്‍ജമോ നിര്‍മിതബുദ്ധിയോ ഡാറ്റയോ അല്ല, മറിച്ച് വിശ്വാസമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയില്‍ ജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വിദഗ്ധര്‍ക്കും രാജ്യത്തോടുള്ള വിശ്വാസമാണ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ പുസ്തകമായ ദി ലെറ്റേഴ്സ് എന്ന കൃതിയിലെ ‘എ ലെറ്റര്‍ ഓണ്‍ ദി കറന്‍സി ഓഫ് ദി ഫ്യൂച്ചര്‍’ എന്ന കത്തിലൂടെയാണ് ശൈഖ് മുഹമ്മദ് ഈ ആശയം പങ്കുവെച്ചത്. ലെസണ്‍സ് ഫ്രം ലൈഫ് എന്ന കൃതിയുടെ രണ്ടാം ഭാഗമാണ് ദി ലെറ്റേഴ്സ്. കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, യുവജനങ്ങള്‍, ഇമാറാത്തികള്‍, ലോകജനത എന്നിവരെ അഭിസംബോധന ചെയ്യുന്ന 26 കത്തുകളാണ് പുസ്തകത്തിലുള്ളത്.
ഭാവിയില്‍ ഏറ്റവും വിലപ്പെട്ട വിഭവം ഏതായിരിക്കുമെന്ന സുഹൃത്തുക്കളുടെയും ഉദ്യോഗസ്ഥരുടെയും ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതായി അദ്ദേഹം കത്തില്‍ ഓര്‍ക്കുന്നു. ജലക്ഷാമവും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതിനാല്‍ വെള്ളമായിരിക്കും ഭാവിയുടെ സമ്പത്തെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. സമ്പദ്വ്യവസ്ഥയെയും മനുഷ്യജീവിതത്തെയും മാറ്റിമറിക്കുന്ന നിര്‍മിതബുദ്ധിയായിരിക്കും ഏറ്റവും വിലപ്പെട്ടതെന്ന് മറ്റൊരാള്‍ പറഞ്ഞു. എഐയുടെ വളര്‍ച്ചയ്ക്കുപോലും ഊര്‍ജം അനിവാര്യമാണെന്നതിനാല്‍ ഊര്‍ജമായിരിക്കും ഭാവിയെ നിയന്ത്രിക്കുകയെന്ന് മൂന്നാമന് വാദിച്ചു. എന്നാല്‍ തന്റെ മറുപടി വ്യത്യസ്തമായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഭാവിയിലെ ഏറ്റവും വിലപ്പെട്ട സമ്പത്തെന്നും അദ്ദേഹം കുറിച്ചു. ആ വിശ്വാസമാണ് നിക്ഷേപകരെയും നിര്‍മിതബുദ്ധി മേഖലയിലെ പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ഊര്‍ജമേഖലയില്‍ ആഗോള പങ്കാളികളെയും ജലസാങ്കേതികവിദ്യയില് മികച്ച നിക്ഷേപങ്ങളും സാങ്കേതികവിദ്യകളും നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. വിശ്വാസം ഇന്ന് അപൂര്‍വമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ലഭ്യത കുറയുന്നതാണ് മൂല്യം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസം നഷ്ടപ്പെട്ടാല്‍ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ സമ്പത്താണ് ഇല്ലാതാകുന്നത്.
സര്‍ക്കാരുകളിലുള്ള വിശ്വാസം കുറയുന്നു
ന്യൂയോര്‍ക്ക് ആസ്ഥാനമായ എഡല്‍മാന്‍ സ്ഥാപനത്തിന്റെ 2026ലെ ട്രസ്റ്റ് ബാരോമീറ്റര്‍ റിപ്പോര്‍ട്ടില്‍, സര്‍വേ നടത്തിയ 28 വിപണികളിലായി സര്‍ക്കാരുകളിലുള്ള വിശ്വാസം 53 ശതമാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയിലുള്ള വിശ്വാസം അളക്കുന്ന എഡല്‍മാന്‍ ട്രസ്റ്റ് ഇന്‍ഡക്സില്‍ യുഎഇയും ചൈനയും ഒന്നാം സ്ഥാനത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 30 രാജ്യങ്ങളില്‍ നടത്തിയ ഒഇസിഡി സര്‍വേയില്‍ സ്വന്തം ദേശീയ സര്‍ക്കാരില്‍ ഉയര്‍ന്നതോ മിതമായതോ ആയ വിശ്വാസമുണ്ടെന്ന് അറിയിച്ചവര്‍ 39 ശതമാനം മാത്രമായിരുന്നുവെന്നും ശൈഖ് മുഹമ്മദ് കത്തില്‍ പരാമര്‍ശിച്ചു.
വളര്‍ച്ചയുടെ ഫലമല്ല, വളര്‍ച്ചയുടെ അടിത്തറയാണ് വിശ്വാസം
സാമ്പത്തിക വളര്‍ച്ചയുടെയും സാമ്പത്തിക സ്ഥിരതയുടെയും ഫലമാണ് വിശ്വാസമെന്ന് ചിലര്‍ തെറ്റിദ്ധരിക്കാറുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. വിശ്വാസമാണ് സമൃദ്ധിക്കും വളര്‍ച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും വഴിയൊരുക്കുന്നത്. സ്ഥിരതയുള്ള നിയമങ്ങള്‍, ജനങ്ങളോടുള്ള ആദരവ്, വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന വിശ്വാസ്യത എന്നിവയിലൂടെ വര്‍ഷങ്ങളെടുത്താണ് വിശ്വാസം കെട്ടിപ്പടുക്കുന്നത്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന് ആശ്രയിക്കാവുന്ന വലിയൊരു കരുതല്‍ശേഖരമായി ഇത് മാറുന്നു. പ്രതിസന്ധി താല്‍ക്കാലികമാണെന്നും സ്ഥിരത തിരിച്ചുവരുമെന്നും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അവര്‍ വെല്ലുവിളികളെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധകാലത്തും യുഎഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് ആത്മവിശ്വാസം
അമേരിക്കയും ഇറാനും തമ്മിലുള്ള സമീപകാല സംഘര്‍ഷത്തിനിടെ യുഎഇയിലുള്ള സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാന്‍ വിമാനം അയച്ചിട്ടും യാത്രക്കാര്‍ എത്താത്തതിനാല്‍ വിമാനങ്ങള്‍ കാലിയായി മടങ്ങേണ്ടിവന്നതായി ഒരു പ്രമുഖ രാജ്യത്തെ ഉദ്യോഗസ്ഥന് പറഞ്ഞ സംഭവവും ശൈഖ് മുഹമ്മദ് കത്തില്‍ പരാമര്‍ശിച്ചു. ഒടുവില്‍ ഒഴിപ്പിക്കല്‍ പദ്ധതി റദ്ദാക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധസാഹചര്യത്തിലും സ്വന്തം ജീവനും കുടുംബത്തിന്റെയും കുട്ടികളുടെയും സുരക്ഷയും പണവും യുഎഇയെ വിശ്വസിച്ച് ഇവിടെത്തന്നെ തുടരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. അരനൂറ്റാണ്ടിലേറെയായി കെട്ടിപ്പടുത്ത വിശ്വാസമാണ് അതിനു പിന്നിലെന്നാണ് ശൈഖ് മുഹമ്മദിന്റെ വിശദീകരണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവും രാജ്യത്ത് സ്ഥിരത തിരിച്ചുവരുമെന്ന പ്രതീക്ഷയും ശക്തമായ സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസവും ഭാവിയിലെ അവസരങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസവും അതിന്റെ ഭാഗമാണ്. വിശ്വാസം യുഎഇയിലെ ജീവിതരീതിയുടെ ഭാഗമാണെന്നും ഭാവിയെക്കുറിച്ച് രാജ്യം എപ്പോഴും ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; മലമ്പ്രദേശങ്ങളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്