യമനില്‍ കനത്ത തിരിച്ചടി നല്കി സൗദി സഖ്യ സേന; 136 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

ദുബൈ: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനത്തില്‍ നടന്ന അക്രമത്തിന് പിന്നില്‍ വലിയൊരു ഭീകരാക്രമണ പദ്ധതിയായിരുന്നുവെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ വെളിപ്പെടുത്തല്‍. 29-കാരനായ ഒമാനി സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിലേക്ക് ഇടിച്ചിറക്കി വന്‍ ദുരന്തമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായി യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി വ്യക്തമാക്കി.
കേസന്വേഷണത്തില്‍ പബ്ലിക് പ്രോസിക്യൂഷന് കണ്ടെത്തിയ 10 പ്രധാന വിവരങ്ങള്‍
എയര്‍പോര്‍ട്ട് ആക്രമിക്കാനുള്ള ആസൂത്രണം: വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കി, ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിന്റെ പാസഞ്ചര്‍ ടെര്‍മിനലിലേക്ക് വിമാനം ഇടിച്ചിറക്കി പരമാവധി ആളപായം വരുത്തുകയായിരുന്നു പ്രതിയുടെ പ്രധാന ലക്ഷ്യം.
തയ്യാറെടുപ്പുകള്‍: സെപ്റ്റംബര്‍ 30-ലെ ഈ സംഭവത്തിന് മുന്നോടിയായി, റൂട്ടും വിമാനത്താവളത്തിലെ സാഹചര്യങ്ങളും മുന്‍കൂട്ടി പഠിക്കുന്നതിനായി പ്രതി മുന്‍പ് ടെല്‍ അവീവിലേക്ക് നടത്തിയ രണ്ട് സര്‍വീസുകളില്‍ യാത്ര ചെയ്തിരുന്നു.
കോക്ക്പിറ്റില്‍ ക്യാപ്റ്റനുനേരെ ആക്രമണം: വിമാനത്തില്‍ വെച്ച് പ്രതി അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മഴുവെടുത്ത് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തെ ക്യാപ്റ്റന്‍ ശക്തമായി ചെറുക്കുകയും സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജീവനക്കാരുടെയും യാത്രക്കാരുടെയും ഇടപെടല്‍: വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റും കാബിന് ക്രൂ അംഗവും ഏതാനും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും പരിക്കേറ്റ ക്യാപ്റ്റന്‍ അടിയന്തര സഹായം നല്‍കുകയും ചെയ്തു.
സൗദി അറേബ്യയിലേക്ക് വിമാനം തിരിച്ചുവിട്ടു: വിമാനത്തിലുണ്ടായിരുന്ന പകരക്കാരനായ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
തീവ്രവാദ ആശയ സ്വാധീനം: 2017-ല്‍ ഓസ്ട്രേലിയയില്‍ പഠിക്കുമ്പോഴാണ് പ്രതി തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായതെന്ന് കണ്ടെത്തി. തീവ്രവാദ സംഘടനകളെയും ആത്മഹത്യാ ആക്രമണങ്ങളെയും പുകഴ്ത്തുന്ന പുസ്തകങ്ങളും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും ഇയാള്‍ പതിവായി പരിശോധിച്ചിരുന്നു.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പ്രചോദനം: യുഎസിലെ 9/11 ഭീകരാക്രമണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സമാനമായ ആക്രമണം വിമാനം ഉപയോഗിച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതി മൊഴി നല്കി. ഇതിനായി മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ ബോക്സിംഗ് പരിശീലനവും നടത്തിയിരുന്നു.
മുന്‍കാല ജോലികള്‍: 2020 മുതല്‍ 2024 വരെ ഒമാന്‍ എയറിലും, 2025 ആദ്യത്തോടെ റോയല്‍ എയര്‍ മറോക്കിലും പ്രവര്‍ത്തിച്ച ശേഷമാണ് 2026 ജനുവരിയില്‍ ഇയാള്‍ ഫ്ളൈ ദുബൈയില്‍ ചേര്‍ന്നത്.
സുരക്ഷാ പരിശോധനകളില്‍ വീഴ്ചയില്ല: പൈലറ്റ് ലൈസന്‍സും ഗുഡ് കണ്ടക്ട് സര്‍ട്ടിഫിക്കറ്റും അടക്കം ആവശ്യമായ എല്ലാ പ്രൊഫഷണല്‍, സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ഇയാള്‍ വിമാനക്കമ്പനിയില്‍ പ്രവേശിച്ചത്. പ്രാരംഭ പരിശോധനകളില്‍ ഇയാളുടെ തീവ്രവാദ ആശയങ്ങളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കുറ്റസമ്മതവും: ക്യാപ്റ്റന്റെ തലയിലേറ്റ മുറിവുകള്‍ എമര്‍ജന്‍സി കോടാലി കൊണ്ടുള്ള ആക്രമണത്തിന് സമാനമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയും താന്‍ ഒറ്റയ്ക്കാണ് ഇത് ആസൂത്രണം ചെയ്തതെന്ന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളും റെക്കോര്‍ഡിംഗുകളും സാങ്കേതിക റിപ്പോര്‍ട്ടുകളും പരിശോധിച്ച് വരികയാണെന്നും, മറ്റ് പങ്കാളികളാരെങ്കിലും ഇതിനു പിന്നിലുണ്ടോയെന്ന് കൂടുതല്‍ അന്വേഷിച്ച ശേഷം തുടര്‍വിവരങ്ങള്‍ പുറത്തുവിടുമെന്നും പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.