റിയാദ് വിമാനത്താവളത്തിലെ ആക്രമണം; പരിക്കേറ്റവരില് പാലക്കാട് സ്വദേശിയും; അപകടം നാട്ടിലേക്ക് മടങ്ങാനിരിക്കെ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില് ഹൂതി വിമതര് തൊടുത്തുവിട്ട മിസൈലുകള് പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. മിസൈലുകളുടെ അവശിഷ്ടങ്ങള് ജനവാസ മേഖലകളില് പതിച്ച് നാല് പേര്ക്ക് പരുക്കേറ്റു. സൗദി സിവില് ഡിഫന്സ് നല്കുന്ന വിവരമനുസരിച്ച്, ചൊവ്വാഴ്ച അര്ധരാത്രിക്ക് തൊട്ടുമുമ്പാണ് റിയാദിന് മുകളില് വന് സ്ഫോടന ശബ്ദങ്ങള് കേട്ടത്. തകര്ക്കപ്പെട്ട രണ്ട് ക്രൂയിസ് മിസൈലുകളുടെ അവശിഷ്ടങ്ങള് റിയാദിലെ 15-ഓളം വീടുകള്ക്ക് മുകളിലാണ് പതിച്ചത്. പരിക്കേറ്റവര്ക്ക് പുറമെ വീടുകള്ക്കും നാശനഷ്ടങ്ങള് സംഭവിച്ചിട്ടുണ്ട്.
അല്-ഖര്ജ് ഗവര്ണറേറ്റില് മറ്റൊരു ക്രൂയിസ് മിസൈലും വെടിവെച്ചിട്ടതായി അറബ് സഖ്യസേന വക്താവ് മേജര് ജനറല് തുര്ക്കി അല്-മാലിക്കി അറിയിച്ചു. ഇതുകൂടാതെ റിയാദിന് വടക്കുഭാഗത്തായി മൂന്ന് ഡ്രോണുകളും ധഹ്റാന്, ഹറദ് എന്നിവിടങ്ങളിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും സൗദി പ്രതിരോധ സേന തകര്ത്തു. ധഹ്റാനില് സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ആക്രമണ ശ്രമമുണ്ടായെങ്കിലും ആളപായമില്ലെന്ന് ഊര്ജ്ജ മന്ത്രാലയം വ്യക്തമാക്കി.
തുടര്ച്ചയായി ആക്രമണം നടത്തുന്ന ഇറാന് പിന്തുണയുള്ള ഹൂതി വിമതര്ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭ മുന്നറിയിപ്പ് നല്കി. കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ചെങ്കടലിലും ബാബ് അല്-മന്ദബ് കടലിടുക്കിലും നാവിഗേഷന് സ്വാതന്ത്ര്യവും അന്താരാഷ്ട്ര വ്യാപാരവും സംരക്ഷിക്കുമെന്നും സഖ്യസേനയുടെ തിരിച്ചടിക്ക് പിന്തുണ നല്കുമെന്നും കൗണ്സില് വ്യക്തമാക്കി.