പാറാട് ടി. മുഹമ്മദിനെ ഷാര്ജ കെഎംസിസി ആദരിച്ചു

ന്യൂഡല്ഹി: ഇന്ഡിഗോ വിമാനത്തിനുള്ളില് പവര് ബാങ്കിന് തീപിടിച്ചതിനെ തുടര്ന്ന്, പ്രത്യേക മോഡല് പവര് ബാങ്കിന് വിമാനങ്ങളില് നിരോധനം ഏര്പ്പെടുത്തി ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎ). ‘മോബികിന്സ് എം.കെ-പി.ബി-04’ ( MOBIKINS MK-PB-04) എന്ന മോഡല് പവര് ബാങ്കാണ് ഇന്ത്യയിലേക്കും ഇന്ത്യയില് നിന്നും രാജ്യത്തിനകത്തുള്ളതുമായ എല്ലാ വിമാന സര്വീസുകളിലും നിരോധിച്ചത്.
ഡല്ഹിയില് നിന്ന് ചെന്നൈയിലേക്ക് പറന്ന ഇന്ഡിഗോ വിമാനത്തില് പവര് ബാങ്ക് കാരണം തീപ്പിടുത്തമുണ്ടായതിനെ തുടര്ന്ന് ഞായറാഴ്ച വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ മേധാവിയുടെ പുതിയ നിര്ദ്ദേശം.
യാത്രക്കാരുടെ കൈവശമോ ചരക്കുകള്ക്കിടയിലോ ഈ പ്രത്യേക മോഡല് പവര് ബാങ്ക് വിമാനത്തില് കയറ്റുന്നില്ലെന്ന് എയര്ലൈനുകള് ഉറപ്പാക്കണം. ബോര്ഡിംഗിന് മുന്പ് യാത്രക്കാരില് നിന്ന് ഇത് കണ്ടെത്തി തടയാനും മുന്നറിയിപ്പ് നല്കാനും വിമാനക്കമ്പനികള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
ഈ നിരോധനം പ്രത്യേക മോഡലിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. മറ്റ് പവര് ബാങ്കുകള്ക്ക് മൊത്തത്തിലുള്ള നിരോധനമല്ല. എങ്കിലും യാത്രക്കാര് പുറപ്പെടുന്നതിന് മുന്പ് തങ്ങളുടെ കൈവശമുള്ള പവര് ബാങ്കിന്റെ മോഡല് നമ്പര് പരിശോധിച്ച് ഉറപ്പുവരുത്തണം.
ഡിജിസിഎയുടെ നിലവിലുള്ള ചട്ടങ്ങള് അനുസരിച്ച് പവര് ബാങ്കുകളും ലിഥിയം ബാറ്ററികളും ഹാന്ഡ് ബാഗേജില് മാത്രമേ അനുവദിക്കൂ. ഇവ വിമാനത്തിലെ ഓവര്ഹെഡ് ലഗേജ് ബിന്നുകളില് സൂക്ഷിക്കാന് പാടില്ല. വിമാന യാത്രയ്ക്കിടയില് പവര് ബാങ്ക് ഉപയോഗിച്ച് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്ജ് ചെയ്യുന്നതിനും, വിമാനത്തിലെ സീറ്റ് പവര് ഔട്ട്ലെറ്റുകള് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.