അറ്റകുറ്റപ്പണി: ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസ്ന്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു

ജറുസലേം: ഇസ്രായേലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ച് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ചയാണ് പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ നടപ്പിലാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഞായറും തിങ്കളും ഫലസ്തീന് തൊഴിലാളികള്‍ക്ക് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രവേശനം വിലക്കി.
ഹെബ്രോണ്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ആയിരക്കണക്കിന് ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ബലമായി ഒഴിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഹെബ്രോണിലെ ഇസ്രായേല്‍ ആര്‍മി റിസര്‍വ് ബേസിന് നേരെ രണ്ട് ഫലസ്തീന് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് സൈന്യം വ്യാപകമായ റെയ്ഡുകളും നടപടികളും ആരംഭിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ് ബാങ്കില്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു. ഏകദേശം 2,000-ത്തോളം ആളുകളെ ബലമായി ഒഴിപ്പിച്ചതായി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് സ്ഥിരീകരിച്ചു.
സൈനികരുടെ രാത്രികാല റെയ്ഡുകള്‍ക്കിടയില്‍ ലൗഡ്സ്പീക്കറുകള്‍ വഴി ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ പലര്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്താനോ എവിടേക്ക് പോകണമെന്ന് അറിയാനോ സാധിക്കുന്നില്ല. വെസ്റ്റ് ബാങ്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായ ഹെബ്രോണില്‍ ഏകദേശം രണ്ട് ലക്ഷത്തോളം ഫലസ്തീനികളും, ഹെബ്രോണ്‍ ഗവര്‍ണറേറ്റില്‍ ആറ് ലക്ഷത്തോളം പേരുമാണ് താമസിക്കുന്നത്.