അറ്റകുറ്റപ്പണി: ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസ്ന്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു

ദുബൈ: ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസ്ന്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു. ബീച്ചിലെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദിബ്ബ അല്‍ ഹിസ്ന്‍ നഗരസഭ അറിയിച്ചു. ബീച്ചിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്കായി കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകവുമായ രീതിയില്‍ പ്രദേശം ഒരുക്കുന്നതിനുമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ബീച്ച് എപ്പോഴാണ് വീണ്ടും തുറക്കുക എന്നതിനെക്കുറിച്ചോ അറ്റകുറ്റപ്പണികള്‍ എത്രനാള്‍ നീണ്ടുനില്ക്കുമെന്നതിനെക്കുറിച്ചോ നഗരസഭ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. നഗരസഭയുടെ ഭാഗത്തുനിന്ന് പുതിയ അറിയിപ്പ് വരുന്നത് വരെ ആളുകള്‍ ബീച്ച് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.



