തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ദുബൈ: വാടക തട്ടിപ്പ് കേസില്‍ ജയിലിലായ മലയാളിക്ക് മോചനം. ദുബൈയിലെ പ്രമുഖ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പ്രവാസി മലയാളിയെ ഷാര്‍ജ കോടതിയാണ് കുറ്റവിമുക്തനാക്കിയത്. ഷാര്‍ജയില്‍ സ്വന്തമായി വില്ലയുള്ള ഇദ്ദേഹം, വാടകത്തട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെടുകയും ജയില്‍ ശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരികയുമായിരുന്നു. ഒരു ലക്ഷത്തിലധികം ദിര്‍ഹത്തിന്റെ തട്ടിപ്പിലാണ് നിരപരാധിയായ പ്രവാസി കുടുങ്ങിയത്.
തങ്ങളുടെ വില്ല വാടകയ്ക്ക് നല്‍കുന്നതിനായി പ്രവാസി ഉടമ ഷാര്‍ജയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയെ സമീപിച്ചിരുന്നു. പരസ്യത്തിനായി വില്ലയുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്കിയതല്ലാതെ, വില്ല വാടകയ്ക്ക് കൊടുക്കാനോ പണം കൈപ്പറ്റാനോ യാതൊരുവിധ പവര്‍ ഓഫ് അറ്റോര്‍ണിയും അദ്ദേഹം ആ കമ്പനിക്ക് നല്‍കിയിരുന്നില്ല.
ഓണ്‍ലൈന്‍ പരസ്യം കണ്ട് വില്ല വാടകയ്ക്കെടുക്കാന്‍ തയ്യാറായ ഒരു സ്ത്രീ വാടകത്തുകയായ 1,04,000 ദിര്‍ഹം റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്കി. ബ്രോക്കറേജ് ഉടമകളായ ഒന്നും രണ്ടും പ്രതികളാണ് സ്ത്രീക്ക് വില്ല നേരിട്ട് കാണിച്ചു കൊടുത്തത്. പവര്‍ ഓഫ് അറ്റോര്‍ണി ആവശ്യപ്പെട്ട സ്ത്രീയോട്, ഉടമയുടെ ഇമെയില്‍ സ്ഥിരീകരണം മതിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാര്‍ വ്യാജ ഇമെയില്‍ വിലാസമുണ്ടാക്കി കബളിപ്പിക്കുകയായിരുന്നു.
പണം കൈമാറി പത്ത് ദിവസത്തിനകം വില്ലയുടെ താക്കോല്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, നിശ്ചിത ദിവസത്തിന് ശേഷം ബ്രോക്കറുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാവുകയും, തുടര്‍ന്ന് വില്ല ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിയാതെ അവധിക്കായി നാട്ടിലേക്ക് പോകാന്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോഴാണ് പ്രവാസി അറസ്റ്റിലായത്. കേസ് ഫയലില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ അദ്ദേഹത്തിന്റേതല്ലാത്തതിനാല് പോലീസ്, പ്രോസിക്യൂഷന്, കോടതി നോട്ടീസുകളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഷാര്‍ജ കോടതി അദ്ദേഹത്തിന് ഒരു വര്‍ഷത്തെ തടവും നാടുകടത്തലും വിധിച്ച് ജയിലിലടച്ചു.
പിന്നീട് ജാമ്യത്തില്‍ ഇറങ്ങി അപ്പീല്‍ നല്‍കുകയായിരുന്നു. കേസില്‍ പ്രതിക്ക് യാതൊരു പങ്കുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി ഉത്തരവിടുകയായിരുന്നു.