തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ദുബൈ: യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 24 മണിക്കൂറിനിടെ പരമാവധി ഒമ്പത് മണിക്കൂര്‍ മാത്രം ഡ്രൈവ് ചെയ്യാന്‍ അനുമതി. 2027 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ ഗതാഗത നിയമത്തിലാണ് ഈ നിയന്ത്രണം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍മാരുടെ ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുക, വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, കാല്‍നടയാത്രക്കാരുടെ സംരക്ഷണം ശക്തമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങള്‍. 2026ലെ ക്യാബിനറ്റ് തീരുമാനം നമ്പര്‍ 174 പ്രകാരം ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 14/2024ന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരം 24 മണിക്കൂര്‍ കാലയളവില്‍ ഒരു ഡ്രൈവര്‍ക്ക് വാഹനമോടിക്കാവുന്ന ആകെ സമയം ഒമ്പത് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ് സുരക്ഷിതമായി തുടരാന്‍ കഴിയാത്തവിധം ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വാഹനമോടിക്കാനും പാടില്ല. ഒമ്പത് മണിക്കൂര്‍ പരിധി പൂര്‍ത്തിയായിട്ടില്ലെങ്കിലും ഡ്രൈവിങ് സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ യാത്ര തുടരരുത്.
ഈ വ്യവസ്ഥ പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്കോ ട്രക്ക് ഡ്രൈവര്‍മാര്‍ക്കോ ഡെലിവറി ജീവനക്കാര്‍ക്കോ മാത്രമുള്ളതല്ല. പൊതുവായി എല്ലാ വാഹന ഡ്രൈവര്‍മാര്‍ക്കും ബാധകമായ വ്യവസ്ഥയായാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡ്രൈവിങ് സമയം എങ്ങനെയാണ് നിരീക്ഷിക്കുക, നിര്‍ബന്ധിത വിശ്രമ ഇടവേളകള്‍ എത്രയായിരിക്കും, സമയപരിധി ലംഘിച്ചാല്‍ പ്രത്യേകമായി എന്ത് പിഴ ചുമത്തും തുടങ്ങിയ കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ ഏഴില്‍ വ്യക്തമാക്കിയിട്ടില്ല. ഡ്രൈവിങിനിടെ ശ്രദ്ധ തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. നിയമവിരുദ്ധമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കള്‍ തുടങ്ങിയവയുടെ സ്വാധീനത്തില്‍ വാഹനമോടിക്കുന്നതിനും വിലക്കുണ്ട്. ഇത് കൂടാതെ മുന്സീറ്റിലെയും പിന്‍സീറ്റിലെയും സീറ്റ് ബെല്‍റ്റ്, വേഗപരിധി, പാര്‍കിംഗ് തുടങ്ങി നിരവധി കാര്യങ്ങളില്‍ പുതിയ ഗതാഗത നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.