ദീപാവലി ആശംസകള്‍ നേര്‍ന്ന് ശൈഖ് മുഹമ്മദ്; ജീവിതത്തില്‍ സമാധാനവും നന്മയും നിറയട്ടെയെന്ന് ആശംസിച്ചു

ദുബൈ: യുഎഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദീപങ്ങളുടെ ഉത്സവമായ ദീപാവലി എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും പ്രതീക്ഷയും നന്മയും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ആഘോഷിക്കുന്നവരുടെ ദിനങ്ങള്‍ സുരക്ഷിതത്വവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ‘യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ ദീപങ്ങളുടെ ഉത്സവം സമാധാനവും പ്രതീക്ഷയും നന്മയും പകരട്ടെ. നിങ്ങളുടെ ജീവിതം സുരക്ഷിതത്വവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ. എല്ലാവര്ക്കും സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു’-ശൈഖ് മുഹമ്മദ് സന്ദേശത്തില്‍ കുറിച്ചു.
യുഎഇയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ പ്രാര്‍ഥനകളും കുടുംബസംഗമങ്ങളും വിവിധ ആഘോഷപരിപാടികളുമായി ദീപാവലി ആഘോഷിക്കുകയാണ്. വെള്ളിയാഴ്ച ധന്തേരസോടെ ആരംഭിച്ച ആഘോഷങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരും. ധന്തേരസിനോടനുബന്ധിച്ച് സ്വര്‍ണം, വെള്ളി, പുതിയ പാത്രങ്ങള്‍ എന്നിവ വാങ്ങുന്നതും പതിവാണ്. ധന്തേരസ് (Dhanteras) എന്നത് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവദിനമാണ്. ധന്വന്തരി ത്രയോദശി എന്നും അറിയപ്പെടുന്ന ഈ ദിനം ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങളില്‍ സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നത് ശുഭകരമായി കരുതുന്നു. പുതിയ പാത്രങ്ങളും വീട്ടുപകരണങ്ങളും വാങ്ങുന്ന പതിവുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെയും കുബേരനെയും ആരാധിക്കുന്നു. വീടുകള്‍ ദീപങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിക്കുന്നു. യുഎഇയില്‍ ദീപാവലിക്ക് മുന്നോടിയായി ധന്തേരസ് ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ ജ്വല്ലറികളിലെത്താറുണ്ട്. ദുബൈയിലെ സ്വര്‍ണവിപണിയില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക തിരക്കും വ്യാപാരവും അനുഭവപ്പെടുന്നു.
ദുബൈ ഗ്ലോബല്‍ വില്ലേജില്‍ നവംബര്‍ 6 മുതല്‍ 10 വരെ അഞ്ചുദിവസത്തെ ദീപാവലി ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക പരിപാടികള്‍, സംഗീതാവതരണങ്ങള്‍, ഉത്സവകാല ഷോപ്പിങ്, കുടുംബങ്ങള്‍ക്കായുള്ള വിനോദപരിപാടികള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
നവംബര്‍ 8ന് രാത്രി എട്ടിന് 600 ഡ്രോണുകള്‍ അണിനിരക്കുന്ന പ്രത്യേക ആകാശപ്രദര്ശനവും ഒരുക്കിയിട്ടുണ്ട്. ദീപാവലി പ്രമേയത്തിലുള്ള വിവിധ രൂപങ്ങള്‍ ഡ്രോണുകള്‍ ആകാശത്ത് സൃഷ്ടിക്കും. ദക്ഷിണേഷ്യന്‍ സംഗീതപാരമ്പര്യമായ ‘ബൈഠക്’ പരിപാടിയും ഗ്ലോബല്‍ വില്ലേജിലെ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.