തോരാമഴ തുടരുന്നു; ഇതുവരെ 26 മരണം; വ്യാപാരികള്‍ക്ക് സഹായ പദ്ധതി

പട്ടികയിലെ ഏക മലയാളികള്‍
ദുബൈ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ മാധ്യമ ശൃംഖലകളിലൊന്നായ സിഎന്‍ബിസി അറേബ്യ പുറത്തുവിട്ട 2026ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ബിസിനസ്സ് നേതാക്കളുടെ പട്ടികയില്‍ മലയാളിത്തിളക്കമായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം.എ. യൂസഫലിയും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലിലും. മിഡില്‍ ഈസ്റ്റിലെ സമ്പദ്വ്യവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്ന വ്യോമയാനം, ബാങ്കിങ്, ഊര്‍ജ്ജം, ആരോഗ്യസംരക്ഷണം, റീട്ടെയില്‍, സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ് തുടങ്ങി 11 പ്രധാന മേഖലകളിലെ സ്ഥാപകര്‍, ചെയര്മാന്മാര്, സിഇഓമാര്‍ എന്നിവരടങ്ങുന്ന പട്ടികയില്‍ മലയാളികളായി ഇവര്‍ മാത്രം.
സാമ്പത്തിക പ്രകടനം, സാമ്പത്തിക സ്വാധീനം, നവീകരണം, കോര്‍പ്പറേറ്റ് ഭരണം, പ്രതിരോധശേഷിയും സുസ്ഥിരതയും എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സിഎന്‍ബിസി അറേബ്യ ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, അഡ്നോക് ഗ്യാസ് സിഇഒ ഫാത്തിമ മുഹമ്മദ് അല്‍ നുഐമി, ദമാക് ഗ്രൂപ്പ് സ്ഥാപകന്‍ ഹുസൈന് സജ്വാനി, ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത് തുടങ്ങി മിഡില്‍ ഈസ്റ്റിലെ പ്രമുഖര്‍ പട്ടികയിലുണ്ട്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നിന്റെ ചെയര്മാന് എന്നാണ് സിഎന്‍ബിസി അറേബ്യ എം.എ. യൂസഫലിയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 280ലധികം റീട്ടെയില്‍ സ്റ്റോറുകളുമായി വളര്‍ന്ന ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം 8.4 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നതായും പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. 40ലധികം രാജ്യങ്ങളില്‍ നിന്നുള്ള 75,000ത്തിലധികം ആളുകള്‍ക്ക് ജോലി നല്കുന്ന ലുലു ഗ്രൂപ്പ്, ആഗോള വിതരണ ശൃംഖലയിലൂടെ മേഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ വഹിക്കുന്ന പങ്കും, മിഡില്‍ ഈസ്റ്റും ഇന്ത്യയും തമ്മിലുള്ള സാമ്പത്തികവ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ യൂസഫലി നല്കുന്ന സംഭാവനകളും ലിസ്റ്റില്‍ എടുത്തുപറയുന്നു.
ആരോഗ്യ വിഭാഗത്തില്‍ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു പ്രവാസി സംരംഭകന് ഡോ. ഷംഷീര്‍ വയലിലാണ്. റേഡിയോളജിസ്റ്റില്‍ നിന്നും സംരംഭകനായി മാറിയ ഡോ. ഷംഷീര്‍ വയലിലിനെ മികച്ച ആരോഗ്യവിദ്യാഭ്യാസ നേതാവായും തന്ത്രപരമായ നിക്ഷേപകനായുമാണ് സിഎന്‍ബിസി അറേബ്യ പ്രൊഫൈലില്‍ അടയാളപ്പെടുത്തുന്നത്. 2007ല്‍ അബുദാബിയില്‍ ആദ്യത്തെ ആശുപത്രി സ്ഥാപിച്ച് തുടങ്ങിയ സംരംഭക യാത്ര, മേഖലയിലാകെ പരന്നുകിടക്കുന്ന ഒരു സംയോജിത ഹെല്‍ത്ത് കെയര്‍ ഇക്കോസിസ്റ്റമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സിനെ മാറ്റിത്തീര്‍ത്തു. ആശുപത്രികള്‍, പ്രീഹോസ്പിറ്റല്‍ കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെല്ലാം മുന്‍പന്തിയിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ വളര്‍ച്ചയ്ക്കൊപ്പം ഡോ. ഷംഷീറിന്റെ മാനുഷിക സേവന പ്രവര്‍ത്തനങ്ങളെയും കമ്മ്യൂണിറ്റി ഇംപാക്ടിനെയും സിഎന്‍ബിസി അറേബ്യ പ്രശംസിക്കുന്നു.
യൂസഫലിക്കും ഡോ. ഷംഷീറിനും പുറമെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ബിസിനസ്സ് നേതാക്കളും പട്ടികയിലുണ്ട്. ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്വാന് സാജന്, പെട്രോകെം മിഡില്‍ ഈസ്റ്റ് സ്ഥാപകനും ചെയര്‍മാനുമായ യോഗേഷ് മേത്ത, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാന് ചില്വാന്, ഇഎഫ്എസ് ഫെസിലിറ്റീസ് സര്‍വീസസ് ഗ്രൂപ്പ് കോഫൗണ്ടറും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ താരിഖ് ചൗഹാന്, ജസീറ എയര്‍വേസ് സിഇഒ ഭരതന് പശുപതി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.