സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയാകാം: യുഎസിന് മുന്നില്‍ 7 ഉപാധികള്‍ വച്ച് ഇറാന്

കല്‍പ്പറ്റ: അനധികൃതമായി വന്‍തോതില്‍ വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലുള്ള വീട് അനധികൃതമായാണ് നിര്‍മിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തല്‍. വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് എക്സൈസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുട്ടില്‍ പഞ്ചായത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിര്‍മാണ മാനദണ്ഡങ്ങള്‍ പ്രകാരം കെട്ടിടങ്ങള്‍ക്ക് പരമാവധി 3 നിലകളും 10 മീറ്റര്‍ ഉയരവുമാണ് അനുവദനീയമായിട്ടുള്ളത്. എന്നാല്‍ ആന്റോ അഗസ്റ്റിന് പഞ്ചായത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരം വീടിന് 4 നിലകളും 10 മീറ്ററില്‍ കൂടുതല്‍ ഉയരവുമുണ്ട്.
2022-ല്‍ ഈ വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മാറ്റാന്‍ ആന്റോ മുട്ടില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്ഥലപരിശോധന നടത്തിയ അധികൃതര്‍ അനധികൃത നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 മാര്‍ച്ച് 28-ന് നോട്ടിസ് നല്‍കുകയും, നിര്‍മാണം ക്രമവല്‍ക്കരിക്കാന്‍ നല്കിയ അപേക്ഷ തള്ളി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കുകയുമായിരുന്നു.
അതേസമയം, വീട്ടില്‍ നിന്ന് വന്‍തോതില്‍ മദ്യം കണ്ടെടുത്ത കേസില്‍ വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കോടതിയില്‍ നിയമതര്ക്കവും നടക്കുകയാണ്. മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ലെന്നും അവിടുത്തെ കൈവശക്കാരന് താനല്ലെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം. വായ്പാ കുടിശ്ശികയെ തുടര്‍ന്ന് ബാങ്ക് ലേലം ചെയ്ത വസ്തു ആന്റോയുടെ അമ്മായിയമ്മയാണ് വാങ്ങിയതെന്നും അതിനുശേഷം നാല് വര്‍ഷത്തിലേറെയായി കെട്ടിടത്തിന്റെ നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, മുട്ടില്‍ പഞ്ചായത്തിലെ നിലവിലെ രേഖകള്‍ പ്രകാരം കെട്ടിടത്തിന്റെ ഉടമ ആന്റോ അഗസ്റ്റിന് തന്നെയെന്നും കെട്ടിട നികുതി അടച്ചിരിക്കുന്നത് അദ്ദേഹമാണെന്നും പ്രോസിക്യൂഷന് രേഖാമൂലം കോടതിയെ അറിയിച്ചു. കൂടാതെ, ലേലത്തില്‍ അമ്മായിയമ്മ വാങ്ങിയെങ്കിലും ആന്റോയും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ വീടിന്റെ കൈവശാവകാശം ആന്റോയ്ക്കാണെന്ന് വ്യക്തമാക്കിയ സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി, ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ വിചാരണവേളയില്‍ പരിശോധിക്കേണ്ടതാണെന്ന് നിരീക്ഷിച്ച് ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.