കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

തിരുവനന്തപുരം: കടലില്‍ കാണാതായ പുല്ലുവിള ജോണിന്റെ വീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്ദുല്‍ഗഫൂറും സന്ദര്‍ശിച്ചു. തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രിമാര്‍ കുടുംബത്തെ ധരിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും മന്ത്രിമാര്‍ കേള്‍ക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു. കോസ്റ്റല്‍ പോലീസിനെ ശക്തമാക്കി, മത്സ്യതൊഴിലാളികള്‍ക്ക് കൃത്യമായ അറിയിപ്പ് നല്കാന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മത്സ്യതൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് ഗോള്‍ഡന്‍ ഹവറില് തന്നെ നല്‍കാനുള്ള സാങ്കേതികവും ഭരണപരവുമായ സംവിധാനങ്ങള്‍ രണ്ടാഴ്ചക്കകം ഒരുക്കുമെന്ന് മന്ത്രി അബ്ദുല്‍ഗഫൂര്‍ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് കാര്യക്ഷമമാക്കും. കടലില്‍ പോയ ശേഷവും മുന്നറിയിപ്പ് നല്‍കാനുള്ള ടൂ വേ കമ്യൂണിക്കേഷന്‍ സംവിധാനം ഒരുക്കും. ഇപ്പോള്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.