ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

ദുബൈ: പാസ്പോര്‍ട്ട് സേവന നിരക്ക് വര്‍ധനവില്‍ ആശങ്കയോടെ പ്രവാസി തൊഴിലാളികള്‍. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ പാസ്പോര്‍ട്ട് ഫീസാണ് അപേക്ഷകര്‍ ഇപ്പോള്‍ അടക്കേണ്ടത്. 2012-ന് ശേഷമുള്ള ആദ്യത്തെ വലിയ പരിഷ്കരണമാണിത്. ഒരു സാധാരണ പാസ്പോര്‍ട്ട് പുതുക്കലിന് 285 ദിര്‍ഹത്തില്‍ നിന്ന് 60 ശതമാനത്തോളം ഫീസ് ഉയര്‍ത്തി ഇപ്പോള്‍ 450 ദിര്‍ഹം നല്‍കണം. യുഎഇയിലെ 4.5 ദശലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ വരുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളാണെന്നാണ് കണക്ക്. ഈ വര്‍ദ്ധനവ് ലേബര്‍ ക്ലാസിന് വലിയൊരു തിരിച്ചടിയാണ്. ഈ നിരക്ക് വര്‍ധനവില്‍ സാമൂഹ്യസംഘടകളും വോളന്റിയര്‍മാരും ആശങ്കപങ്കുവെച്ചിട്ടുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള-ഇസിആര്‍ പാസ്പോര്‍ട്ട് ഉടമകളായ തൊഴിലാളികള്‍ക്കെങ്കിലും 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനിടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിംഗ് ഏജന്‍സികളെ നിയമിക്കുന്നതിലുള്ള നിയമതടസ്സം കാരണം ഇന്നലെ മുതല്‍ യുഎഇ എംബസിയിലും കോണ്‍സുലേറ്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സാഹചര്യമുണ്ടായിരിക്കുന്നത്. യുഎഇയിലെ നൂറുകണക്കിന് പ്രവാസി ഇന്ത്യക്കാര്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനായി ഇന്നലെ എംബസിയിലും കോണ്‍സുലേറ്റിലും മുന്‍കൂര്‍ അപ്പോയിന്റ്മെന്റില്ലാതെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. 2009-ല്‍ വിദേശ കോണ്‍സുലാര്‍ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു കാഴ്ച അനുഭവപ്പെടുന്നത്.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റ് ജനറലും ജൂലൈ 2 മുതല്‍ രാവിലെ 9 മണിക്കും 12.30 നും ഇടയില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്കിവരുന്നു. ഇന്നലെ കോണ്‍സുല്‍ സേവനങ്ങള്‍ക്കായി എത്തിയ നൂറുകണക്കിന് അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്മ്യൂണിറ്റി വോളന്റിയര്‍മാരും പങ്കുചേര്‍ന്നു. ഉച്ചയ്ക്ക് 12.30-ന് മുമ്പ് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വൈകുന്നേരം വരെ ജോലി തുടര്‍ന്നു. ഭരണപരമായ കാരണങ്ങളാണ് സേവനങ്ങളിലെ മാറ്റത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും, ഡല്‍ഹിയില്‍ ഏജന്‍സികള്‍ തമ്മിലുള്ള നിയമപോരാട്ടമാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം.
പഴയ ഔട്ട്സോഴ്സിംഗ് പങ്കാളികളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവരുടെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് സേവനം അവസാനിപ്പിച്ചിരുന്നു. ജൂലൈ 1 മുതല്‍ പുതിയ ഏകീകൃത കോണ്‍സുലാര്‍ കേന്ദ്രങ്ങളായ പ്രവര്‍ത്തിപ്പിക്കാന്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സിയെ ആണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ഇ ട്രാവ് ടെക്, വെരാസിസ് എന്നീ കമ്പനികള്‍ കരാര്‍ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂണ്‍ 24-ന് സുപ്രീം കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയും വിഷയം അടിയന്തരമായി വീണ്ടും കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. കോടതി വിധി വരാത്തതിനാല്‍ അല്‍ഹിന്ദിന് ഔദ്യോഗികമായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.