ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം ദര്‍ശിച്ച ആദ്യത്തെ സമരവിജയമായി സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സമരം വിലയിരുത്തപ്പെടുന്നു. ഇത് കേവലമൊരു രാഷ്ട്രീയ പ്രക്ഷോഭമായിരുന്നില്ല. അതിന് കൃത്യമായ നിലപാടും അജണ്ടയുമുണ്ടായിരുന്നു. അടിസ്ഥാനപരമായി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കാതെ ഇത് അവസാനിക്കില്ലെന്ന ഉറച്ച നിലപാടും ചങ്കൂറ്റത്തോടെയുള്ള ചോദ്യങ്ങളുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ചത്. പാറ്റകളെന്ന് ആക്ഷേപിച്ച് തള്ളിക്കളയാന്‍ ശ്രമിച്ച ഒരു സമരത്തെ നേരിടുന്നതില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കൃത്യമായ വഴികളുണ്ടായിരുന്നില്ല. എല്ലാ കാലത്തും പ്രതിഷേധങ്ങളെ രാജ്യവിരുദ്ധ വിഷയമാക്കി മാറ്റി, ആളുകളെ ഭയപ്പെടുത്തുന്ന കുതന്ത്രങ്ങള്‍ക്കാണ് ഇത്തവണയും ജന്തര്‍മന്തറില്‍ പയറ്റിയത്. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുക്കാനും രാജ്യവിരുദ്ധ സമരമാക്കി ചിത്രീകരിക്കാനും നടത്തിയ ശ്രമങ്ങള്‍ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകമായി പ്രതിരോധിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ബിജെപിയെയും മോദിയെയും വാഴ്ത്തുന്ന മാധ്യമങ്ങള്‍ ഒന്നടങ്കം ജന്തര്മന്തറിനെതിരെ കള്ളക്കഥകള്‍ മെനഞ്ഞതും ക്ലച്ച് പിടിക്കാതെ പോയി. പോലീസിന്റെ ലാത്തിപ്രയോഗം പ്രതിഷേധത്തിന്റെ അഗ്നി ആളിക്കത്തിച്ചതോടെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടായി. ജന്തര്‍മന്തറില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സമരം രാജ്യവ്യാപകമായി പടര്‍ന്നു. ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ശ്രദ്ധിച്ചു തുടങ്ങി. വിദ്യാര്‍ത്ഥികളുടെ മറവില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നുവെന്ന് ബിജെപിയും മാധ്യമങ്ങളും വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടതും തിരിച്ചടിയായി. പോലീസ് സേനയുടെ മറവില്‍ ബിജെപി ഗുണ്ടകള്‍ അഴിഞ്ഞാടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സമരത്തിന്റെ ഗതി മാറി. ബിജെപിയുടെ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് കണ്ടതോടെ അതുവരെ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി അര്‍ധരാത്രിയില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഡിയര്‍ ഫ്രണ്ട്സ് എന്ന സംബോധനയോടെ നടത്തിയ പ്രസംഗവും തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ വീഡിയോക്കെതിരെ ജന്‍സി കുട്ടികള്‍ കൃത്യമായ മറുപടി നല്‍കിയതോടെ ബിജെപി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആടിയുലഞ്ഞു. നീറ്റ് പരീക്ഷയുടെ അടിസ്ഥാനം തകര്‍ത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പറഞ്ഞതോടെ സര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. ധര്മേന്ദ്രപ്രധാന് രാജി സമര്‍പിച്ചു.
വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറില്‍ വിജയാഹ്ലാദം നടത്തി. അംബേദ്കറുടെ ചിത്രം ഉയര്‍ത്തിപിടിച്ചാണ് അഭിജിത് സമരവേദിയിലെത്തിയത്. ഒപ്പം നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ച് ആദരാഞ്ജലികള്‍ അര്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സിജെപി നേതൃത്വം നല്കിയ സമരം അവരുടേതുമാത്രമായി ഒതുങ്ങുന്നില്ല. ഈ പ്രതിഷേധത്തിലും സമരത്തിലും പങ്കെടുക്കുന്നത് സി ജെ പിയുമായി യാതൊരു ബന്ധമില്ലാത്ത വിദ്യാര്‍ത്ഥികളും യുവാക്കളും കൂടിയാണ്. ചോദ്യക്കടലാസ് ചോര്‍ച്ച എന്നത് തങ്ങളുടെ അതീവദുഷ്കരമായ ജീവിതങ്ങള്ക്കുമുകളില് ഭരണകൂടവും ധനികരും കൂടി നടത്തുന്ന ചുടലനൃത്തമായാണ് രാജ്യത്തെ തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും കാണുന്നത്. തൊഴിലവസരങ്ങള്‍ മാത്രമല്ല പഠനാവസരങ്ങളും കൂടി കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ അനിവാര്യമായൊരു പ്രതിസന്ധിയാണ് ഈ സമരത്തെ പൊടുന്നനെ സൃഷ്ടിച്ചത് എന്നുപറയാം. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014നു ശേഷം മാത്രം രാജ്യത്ത് 154 പൊതുപരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നിട്ടുണ്ട്. പൊതുപരീക്ഷകളുടെ വിശ്വാസ്യത തകരുകയെന്നത് രാജ്യത്തെ കോടിക്കണക്കിനു യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിതം അതിന്റെ തുടക്കത്തില്‍ത്തന്നെ ഞെരിച്ചുകളയുക എന്നതാണ്. പ്രതീക്ഷ എന്നൊരു വാക്ക് ജീവിതത്തെക്കുറിച്ച് ഉണ്ടാക്കിയെടുക്കുമ്പോഴേക്കും ഭരണകൂടവും വ്യവസ്ഥയും തങ്ങളെ അതിനീചമായി വഞ്ചിക്കുന്നു എന്ന ഭയാനകമായ തിരിച്ചറിവില്നിന്നുകൂടിയാണ് ഈ സമരവും പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടത്.
ഇതിനുമുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുകയും പിന്നീട് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ രൂപവത്ക്കരണത്തിലേക്ക് എത്തുകയും ചെയ്ത അഴിമതി വിരുദ്ധ-ലോക്പാല്‍ സമരത്തില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ പാറ്റകളുടെ സമരത്തില്‍ ദൃശ്യമാണ്. ഈ രണ്ട് സമരങ്ങളുടെയും രാഷ്ട്രീയ ഉള്ളടക്കം നോക്കിയാല്‍ മനസ്സിലാകും അതിന്റെ വ്യത്യാസം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ കല്‍ക്കരി കുംഭകോണവും ടെലികോം അഴിമതിയുമടക്കമുള്ള വലിയ ആരോപണങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് അണ്ണാ ഹസാരെയുടെ സമരം നടന്നത്. ഇന്ത്യയിലെ ഓരോ മനുഷ്യനും നിത്യജീവിതത്തില്‍ നേരിടുന്ന അഴിമതി എന്ന പ്രശ്നം മുന്നില്‍വെച്ചതോടെ, ആ സമരത്തിന് വലിയ സ്വീകാര്യത കിട്ടി. എന്നാല്‍ അണ്ണാ ഹസാരെയുടെ സമരത്തിന്റെ ഏറ്റവും പ്രധാന പ്രായോജകര്‍ സംഘ്പരിവാറായിരുന്നു. സമരസ്ഥലത്തേക്ക് ആളുകളെ കൂട്ടമായി എത്തിക്കുന്നതുമുതല്‍ ബാബാ രാം ദേവും ശ്രീ ശ്രീ രവിശങ്കറുമടക്കമുള്ള സംഘപരിവാര്‍ കൂട്ടത്തിലെ ആത്മീയ കച്ചവടക്കാരെ അണിനിരത്തുന്നതിലടക്കം സംഘപരിവാര്‍ കൃത്യമായി പ്രവര്‍ത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കതിന്റെ ഗുണം കിട്ടുമെന്ന അവരുടെ പ്രതീക്ഷ തെറ്റിയതുമില്ല. അത് ബിജെപിക്ക് ഗുണം ചെയ്തു. പിന്നീട് ആം ആദ്മി പാര്‍ട്ടി രൂപവത്ക്കരിക്കുകയും ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ ദല്‍ഹിയിലും പിന്നീട് പഞ്ചാബിലും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുകയും ചെയ്തെങ്കിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായ രാഷ്ട്രീയമായിരുന്നില്ല അവര്‍ ഉയര്‍ത്തിയത്. ബി ജെ പിയുമായി തെരഞ്ഞെടുപ്പ് മത്സരത്തിലേര്‍പ്പെടുന്ന ഒരു വലതുപക്ഷ കക്ഷിയുടെ സ്വഭാവമാണ് ആംആദ്മി വളര്‍ത്തിയെടുത്തത്. രാമജന്മഭൂമിയിലേക്കുള്ള തീര്‍ത്ഥാടന സഹായവും അരവിന്ദ് കെജ്രിവാളിന്റെ ഹനുമാന് ചാലിസയുമൊക്കെയായി ഒരു ഹിന്ദു രക്ഷകന്റെ വേഷമാണ് അരവിന്ദ് കെജ്രിവാള് സ്വയം കെട്ടിയത്. സോനം വാങ്ചുക്കിന്റെ നിരാഹാരം സമരം സിജെപി സമരത്തിന് ഗുണം ചെയ്തുവെങ്കിലും അത് ആത്യന്തികമായി പാറ്റ സമരത്തിന് അനിവാര്യമായിരുന്നില്ല.
ഇതിനു മുമ്പ് ലഡാക്കിന്റെ സ്വയംഭരണാവകാശത്തിനു വേണ്ടിയുള്ള സമരത്തില്‍ മോദി സര്‍ക്കാര്‍ യുപിഎ അടക്കമുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങളുപയോഗിച്ച് തടവിലാക്കിയതാണ് അദ്ദേഹത്തെ. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പദ്ധതിയുമായി നേര്‍ക്കുനേര്‍ എതിരിടുന്ന രാഷ്ട്രീയം സോനം വാങ്ചുക്കിനില്ല. അതുകൊണ്ടുതന്നെ സമരത്തിലെ അക്രമത്തിന്റെ പേരുപറഞ്ഞ് നിരാഹാരത്തില്‍ പിന്തിരിഞ്ഞതില് അതിശയമില്ല. നിരവധി പ്രതിസന്ധികളുണ്ടെങ്കിലും ജെന്‍സി വിദ്യാര്‍ത്ഥികളുടെ മാനവിക മനോഭാവം ബിജെപിയുടെ വര്‍ഗീയ ചിന്താധാരക്ക് എതിരാണെന്ന് ഈ സമരം വ്യക്തമാക്കി. മോദിയെ വിമര്‍ശിക്കാന്‍ ഭയന്നിരുന്ന നാട്ടിലാണ് കൂട്ടത്തോടെ പാറ്റകള്‍ ആക്ഷേപഹാസ്യത്തിന്റെ മുള്ളുകള്‍ എറിഞ്ഞത്. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. സര്‍വ്വശക്തനും വിട്ടുവീഴ്ചകള്‍ക്ക് തയ്യറാല്ലാത്തവനുമായ പരമാധികാരിയെന്ന മോദിയുടെ പ്രതിച്ഛായക്ക് നേരെയാണ് പാറ്റകള്‍ അമ്പുകള്‍ എയ്തത്. ജെന്‍സി അമ്പുകള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രീയ മണ്ണ് ദര്‍ശിക്കുന്നത്. കര്‍ഷക സമരം ഒരു വിഭാഗം ആളുകളിലും വടക്കേ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലും മാത്രമായിരുന്നു സ്വാധീനം ചെലുത്തിയതെങ്കില്‍ യുവജന, വിദ്യാര്‍ത്ഥി സമരം ഇന്ത്യയാകെ അതിന്റെ രാഷ്ട്രീയ മുദ്രാവാക്യത്തെ പടര്‍ത്തി. മോദിയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ ബിജെപി പടച്ചുണ്ടാക്കിയ ഐറ്റി സെല്ലിനെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്. പുതിയ തലമുറയുടെ സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ക്ക് മുന്നില്‍ ഭരണകൂട പ്രതിച്ഛായക്ക് വേണ്ടി കെട്ടിപ്പടുത്ത എല്ലാ മാധ്യമങ്ങളും നിഷ്പ്രഭമാണെന്നും നമ്മള് കണ്ടു. വിദ്യാര്‍ത്ഥികള്‍ പറയുന്നു, ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന്. ജനാധിപത്യത്തെ പതുക്കെപതുക്കെ ഇല്ലാതാക്കി ഏകാധ്യപത്യ ഇന്ത്യക്ക് കോപ്പുകൂട്ടുന്ന ബിജെപിക്കുള്ള കനത്ത വെല്ലുവിളിയാണിത്. സമരമുഖത്ത് അംബേദ്കറുടെ ചിത്രം ഉയര്‍ത്തിപിടിക്കുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയെ ഭയക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കൃത്യതയോടെയുള്ള മുന്നറിയിപ്പാണ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. മത-ജാതീയ ചിന്തകള്‍ക്കതീതമായ ഒരു ഇന്ത്യയെ പുതിയ തലമുറ സ്വപ്നം കാണുന്നു. അതിലേക്കുള്ള വഴികാട്ടികളായി മാറുകയാണ് പാറ്റകള്‍…