യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ദുബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനിടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് സമീപമെത്തിയ ഡ്രോണ്‍ വ്യോമപ്രതിരോധ സേന തകര്‍ത്തു. യെമനിലെ ഹൂതി വിമതര്‍ ഏദന്‍ നഗരത്തിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് എണ്ണക്കപ്പലുകള്‍ കടല്മൈനില്പ്പെട്ട് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. റിയാദ് മേഖലയില്‍ പ്രവേശിച്ച ശത്രു ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഡ്രോണിന്റെ ഉറവിടം, ലക്ഷ്യം, സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇറാനെതിരെ സംയുക്ത ആക്രമണത്തിന് നെതന്യാഹുവിന്റെ നീക്കം
ഇറാനെതിരെ അമേരിക്കയുമായി ചേര്‍ന്ന് ഉടന്‍ സൈനിക നടപടി സ്വീകരിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ സംയുക്ത സൈനിക നീക്കം നടത്താനാണ് നെതന്യാഹുവിന്റെ സമ്മര്‍ദമെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നവരും സൈനിക ആക്രമണങ്ങള്‍ തുടരണമെന്ന് വാദിക്കുന്നവരും ട്രംപ് ഭരണകൂടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരായ ആക്രമണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇസ്രായേല്‍ സൈന്യം പൂര്‍ത്തിയാക്കിയതായി ചാനല്‍ 15 റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടായാല്‍ ലബനാനിലെ ഹിസ്ബുല്ലയും സംഘര്‍ഷത്തില്‍ പങ്കുചേരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ വടക്കന്‍ മേഖലയില്‍നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേല്‍.
ഏദനില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം
യെമനിലെ പ്രധാന തുറമുഖ നഗരമായ ഏദനില്‍ വെള്ളിയാഴ്ച ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി സൗദി പിന്തുണയുള്ള യെമന്‍ സൈനിക വക്താവ് കേണല്‍ മാജിദ് അല്‍ നസീലി അറിയിച്ചു. ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളവും അന്താരാഷ്ട്ര അംഗീകാരമുള്ള യെമന്‍ സര്‍ക്കാരിന്റെ കൊട്ടാരവുമായിരുന്നു ലക്ഷ്യമെന്നാണ് വിവരം. ഈ മാസം നേരത്തെയും വിമാനത്താവളത്തിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യെമന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.
ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ ഒരു ക്രൂഡ് ഓയില്‍ ടാങ്കറിന് അജ്ഞാത വസ്തു പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. കടലിടുക്കിലൂടെ പുറത്തേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മൂന്ന് എണ്ണക്കപ്പലുകള്‍ കടല്മൈനില്പ്പെട്ട് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങളുടെ വിശദാംശങ്ങളും സ്വതന്ത്ര സ്ഥിരീകരണവും ലഭ്യമായിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മര്‍ദത്തിനുള്ള ഉപാധിയാക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന് തടസ്സമില്ലാത്ത വിധം കടലിടുക്ക് ഉടന്‍തന്നെ ഉപാധികളില്ലാതെ തുറന്നുകൊടുക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയുടെ പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കവെ യുഎന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ അലിയ അഹമ്മദ് ബിന്‍ സൈഫ് അല്‍ഥാനിയാണ് നിലപാട് വ്യക്തമാക്കിയത്.